മത്സ്യത്തൊഴിലാളിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി: മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് വിജിലന്‍സിന്റെ പിടിയില്‍

കോഴഞ്ചേരി: മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് കൈക്കൂലി വാങ്ങവേ വിജിലന്‍സിന്റെ പിടിയിലായി. അയിരൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീന്‍(50) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന്, കൈക്കൂലിവാങ്ങിയ 5000 രൂപ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വെണ്‍മണി സ്വദേശിയായ മത്സ്യവ്യാപാരിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. മറ്റൊരാളില്‍ നിന്ന് വാങ്ങിയ സ്ഥാപനത്തിന്റെ ലൈസന്‍സ് തന്റെ പേരിലാക്കാന്‍ മത്സ്യവ്യാപാരി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. പഞ്ചായത്ത് ചില സാങ്കേതിക കാരണം പറഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. കഴിഞ്ഞ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ കടയിലെത്തി ലൈസന്‍സ് ആവശ്യപ്പെട്ടിരുന്നു. ലൈസന്‍സ് മാറ്റിക്കിട്ടാന്‍ അപേക്ഷ കൊടുത്തിട്ട് ലഭിച്ചില്ലെന്ന് പറഞ്ഞതോടെ ഓഫീസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പട്ടു. തുടര്‍ന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് ഹെഡ് ക്ലര്‍ക്ക് താജുദ്ദീന്‍ 20,000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് 8000 രൂപ തന്നാല്‍ പിഴയില്‍നിന്ന് ഒഴിവാക്കി നല്‍കാമെന്നു പറഞ്ഞു. പിന്നീടത് 5000 രൂപയാക്കി കുറക്കുകയും ചെയ്തു. ഇതോടെ വ്യാപാരി പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മഷി പുരട്ടിയ 5000 രൂപ വിജിലന്‍സ് സംഘം വ്യാപാരിക്ക് നല്‍കി താജുദ്ദീന് കൈമാറാന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം വച്ച് വ്യാപാരി താജുദ്ദീന് പണം കൈമാറി. ഈ സമയത്ത് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കയ്യോടെ താജുദ്ദീനെ പിടികൂടി. നടപടികള്‍ക്ക് ശേഷം കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. അറിയപ്പെടുന്ന മിമിക്രി കലാകാരനായ താജുദ്ദീന്റെ പേരില്‍ നേരത്തേയും പണപ്പിരിവ് സംബന്ധിച്ച് പരാതികളുള്ളതായി അറിയുന്നു. അസിസ്റ്റന്റ് സെക്രട്ടറിയായി പ്രമോഷന്‍ പ്രതീക്ഷിച്ചിരിക്കവേയാണ് താജുദ്ദീന്‍ കുടുക്കിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page