പയ്യന്നൂർ: മയക്കുമരുന്നും കഞ്ചാവുമായി യുവാക്കളെ പാപ്പിനിശേരി റേഞ്ച് എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ചെറുതാഴം വിളയാങ്കോട്ടെ ദുര്‍ഗ നിവാസില്‍ ഇ. രതീഷ് (29), കടന്നപ്പള്ളി ചന്തപ്പുരയിലെ ആമിന മന്‍സിലില്‍ വി.യു സജിദ് (29) എന്നിവരെയാണ് അസി. ഇന്‍സ്പെക്ടര്‍ ശശി ചേണിച്ചേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പിലാത്തറ, മാതമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ചന്തപ്പുരയില്‍ നിന്ന് പിടിയിലായ രതീഷിന്റെ പക്കല്‍ നിന്ന് 160 മില്ലിഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. സജിദില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു.
കടന്നപ്പള്ളി, പാണപ്പുഴ, പരിയാരം, പിലാത്തറ മേഖലകളില്‍ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സജിദെന്ന് എക്സൈസ് പറഞ്ഞു.
ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.പി രജിരാഗ്, എം.പി അനു, സിവില്‍ ഓഫീസര്‍മാരായ പി.പി റെനില്‍ കൃഷ്ണന്, കെ. രമിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.







