കാസര്‍കോട്: നഗരത്തിലെ ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയിലായി. ബേള കടമ്പള സ്വദേശി ഷെരിഫ(35), കാഞ്ഞങ്ങാട് ഐങ്ങോത്ത് കരുവളം സ്വദേശി പൂമാടത്ത് ഹൗസിലെ മുഹമ്മദ് റാഫി(31) എന്നിവരെയാണ് നാര്‍കോട്ടിക് സെല്‍, ഡാന്‍സാഫിന്റെയും സഹായത്തോടെ ടൗണ്‍ എസ്ഐ പിവി മനുവും സംഘവും അറസ്റ്റുചെയ്തത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് പൊലീസ് ലോഡ്ജില്‍ റെയ്ഡിനെത്തിയത്. ലോഡ്ജില്‍ മയക്കുമരുന്നുമായി ഒരു സംഘം എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. യുവതിയുടെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നാണ് സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച 0.53 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഡോറിന്റെ ബെല്ലടിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന റാഫിയാണ് ഇത് പോക്കറ്റില്‍ ഇട്ടതെന്ന് പറഞ്ഞ് യുവതി രക്ഷപ്പെടാന്‍ നോക്കി. തുടര്‍ന്ന് മയക്കുമരുന്ന് എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് ചോദിച്ചപ്പോള്‍ മാങ്ങാട് സ്വദേശി അനസിനോട് 3000 രൂപയ്ക്ക് വാങ്ങിയതാണെന്ന് റാഫി മൊഴി നല്കി. ഇരുവര്‍ക്കെതിരെയും കേസെടുത്ത പൊലീസ് ലോഡ്ജിലെ മുറിയിലുണ്ടായിരുന്ന പാസ്പോര്‍ട്ട്, അഞ്ച് മൊബൈല്‍ ഫോണുകള്‍, പണം എന്നിവ കസ്റ്റഡിയിലെടുത്തു.
ലോഡ്ജിലെ റെയ്ഡിന് പിന്നാലെ യുവതി താമസിക്കുന്ന കുണിയയിലെ ക്വാര്‍ട്ടേഴ്സിലും പൊലീസ് പരിശോധന നടത്തിയിരുന്നു. അവിടെ നിന്നും ഒഴിഞ്ഞ സിപ്പ് ലോക്ക് കവറുകള്‍ മാത്രമാണ് ലഭിച്ചത്. റാഫിക്കെതിരെ ചന്തേര, കുമ്പള എന്നിവടങ്ങളില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡാന്‍സാഫ് ടീം അംഗങ്ങളും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജേഷ്, ഷിജു, സിപിഒ സിമിമോള്‍, ജെയിംസ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







