കാസർകോട്: റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോർട്ടർ അറസ്റ്റിൽ. റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫീസിലെ പോർട്ടറും പെരിയ രാരപ്പനടുക്കം ചെറുക്കപ്പാറ സ്വദേശിയുമായ കെ ഇസ്മായിൽ(47) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് സംഭവം. ഡോർമെറ്ററിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരുന്ന യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കിടക്കയിലേക്ക് തള്ളിയിട്ടു. യുവതിയുടെ ദേഹത്ത് സ്പർശിച്ച പോർട്ടർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ ആവശ്യപ്പെടുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങളും മറ്റും കാണിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. മുറിയിൽ നിന്ന് രക്ഷപ്പെട്ട യുവതി മറ്റുള്ളവരോട് കാര്യം അറിയിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ പൊലീസിൽ പരാതി നൽകി. എസ് എച്ച് ഒ കെ രാജീവന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







