ചേരാനല്ലൂര്‍ അപകടം: ജഡ്ജിയുടെ വീട്ടിൽ പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു, കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ വാഹന ഉടമയായ ജഡ്ജിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ചും പൊലീസും പരിശോധന നടത്തി. രാത്രി 10 മണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്ന് മണിക്കാണ് അവസാനിച്ചത്. ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനക്കു ശേഷം ആഡംബര ബൈക്കും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. ബൈക്ക് ഉപയോഗിച്ചിരുന്നത് പതിനേഴുകാരനായ മകനാണെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ രജിസ്‌ട്രേഷനിലും പൊലീസിന് സംശയമുണ്ട്. കാറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.അതേസമയം അപകടസമയം വാഹനം ഓടിച്ചിരുന്ന 17കാരന്റെ ജാമ്യം റദ്ദാക്കാനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിക്കെതിരായ തുടര്‍നടപടികളില്‍ തീരുമാനങ്ങള്‍ വരേണ്ടത് കോടതിയില്‍ നിന്നാണ്. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. പൊലീസുമായി കഴിഞ്ഞ ദിവസം കുടുംബം ചര്‍ച്ച നടത്തിയിരുന്നു. ജഡ്ജിക്കെതിരെ നടപടി എടുക്കേണ്ടത് ഹൈക്കോടതി ആണെന്ന് പൊലീസ് അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ പൊലീസ് തൃപ്തരാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പ്രതികരിച്ചിരുന്നു.കേസിലെ വീഴ്ചയില്‍ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page