ഹൈദരാബാദ്: അതിതീവ്ര ചുഴലിക്കാറ്റായ അർണബ് ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്ത് കരതൊട്ടു. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂർത്തിയായത്. ആന്ധ്രാപ്രദേശ് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ വരവിനോടനുബന്ധിച്ചു കനത്ത മഴയും കാറ്റും നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്. വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി വീഴുകയും , പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് 2199 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഗർഭിണികൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണന നൽകിയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഇതിനകം 1351 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 12 എൻഡിആർഎഫ് സംഘങ്ങളെയും 10 എസ്ഡിആർഎഫ് സംഘങ്ങളെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ട്രെയിൻ, വ്യോമ ഗതാഗതം താറുമാറായി. അൻപതിലധികം ട്രെയിനുകൾ റദ്ദാക്കി. സൗത്ത് കോസ്റ്റ് റെയിൽവേ 24 ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയിൽവേ 22 ട്രെയിനുകളുമാണ് റദ്ദാക്കിയത്. 600 കിലോമീറ്റർ റെയിൽവേ ട്രാക്കുകൾ കർശന നിരീക്ഷണത്തിലാണ്. വിജയവാഡ, വിശാഖപട്ടണം വിമാനത്താവളങ്ങളിൽ നിന്നുള്ള 21 വിമാനങ്ങൾ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ബുധനാഴ്ച വിജയവാഡയിൽ നിന്നുള്ള 15 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഒഡിഷയിലെ 30 ജില്ലകളിൽ 16 ഇടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജാർഖണ്ഡിലും മഴ മുന്നറിയിപ്പുണ്ട്. റാഞ്ചി ഉൾപ്പെടെയുള്ള ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.








