തളങ്കര, കടവത്ത് യുവാവിനെ കഴുത്ത് മുറുക്കി കൊന്നത് കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയായ അഫ്രീദ്ഖാനും കൂട്ടാളികളും; മുഴുവന്‍ പ്രതികളും അറസ്റ്റില്‍, കൊലക്ക് കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം, കൊലയാളികളെ ദിവസങ്ങള്‍ക്കകം കുടുക്കിയത് കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവ്

കാസര്‍കോട്: തളങ്കര, കടവത്തെ കെട്ടിടത്തിനകത്ത് യുവാവിനെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. ബംഗ്‌ളൂരുവില്‍ കൊള്ളയടി കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കര്‍ണാടക സ്വദേശി അഫ്രീദ്ഖാന്‍ (24), കൂട്ടാളികളായ വിനോദ് രാജാരാം കാംബ്ലെ (36), അമൃത്‌ബോളി ഷെട്ടി (33) എന്നിവരാണ് അറസ്റ്റിലായത്. റിമാന്റില്‍ കഴിയുന്ന പ്രതികളെ തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.
കര്‍ണാടക ദാവണഗരെ സ്വദേശിയായ നജീമുള്ളയാണ് കൊല്ലപ്പെട്ടത്. പണമിടപാടിനെച്ചൊല്ലി മദ്യപാനത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബംഗ്‌ളൂരുവില്‍ വച്ചാണ് കൊല്ലപ്പെട്ട നജീമുള്ള മറ്റു മൂന്നു പേരുമായി പരിചയത്തിലായത്. അതിന് ശേഷം ഈ മാസം ആദ്യം തളങ്കരയില്‍ എത്തിയ സംഘം കടവത്തെ ഒരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വാടക മുറിയെടുക്കുകയായിരുന്നു. രണ്ട് ദിവസം മത്സ്യബന്ധന ജോലിക്കു പോയ സംഘം രാത്രിയില്‍ മുറിയില്‍ വച്ച് മദ്യപിച്ചു. ഇതിനിടയിൽ പണമിടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനു ഒടുവിലാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് കൊലയാളി സംഘം മുറി പുറത്ത് നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. മുറിയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. കൊലയാളികളെയും കൊല്ലപ്പെട്ടയാളെയും തിരിച്ചറിയുന്നതിനുള്ള യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് സംഘം രായ്ക്കുരാമാനം കാസര്‍കോട് വിട്ടത്. സംഘം നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഉണ്ടായിരുന്ന ഏക തുറുപ്പു ചീട്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടീം നടത്തിയ മികവുറ്റ അന്വേഷണത്തിൽ ആദ്യം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പിന്നീട് നടത്തിയ കുറ്റമറ്റ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
തളങ്കര, കടവത്ത് യുവാവിനെ കഴുത്ത് മുറുക്കി കൊന്നത് കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയായ അഫ്രീദ്ഖാനും കൂട്ടാളികളും; മുഴുവന്‍ പ്രതികളും അറസ്റ്റില്‍, കൊലക്ക് കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം, കൊലയാളികളെ ദിവസങ്ങള്‍ക്കകം കുടുക്കിയത് കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവ്
Scroll to top

You cannot copy content of this page