കാസർകോട്: കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി അംഗം എം രാഘവനെതിരെ നടപടിയുമായി സിപിഎം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. രാഘവനെ ഏരിയാ കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി യോഗ തീരുമാനം ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും ശരിവക്കുകയായിരുന്നു. രാഘവൻ പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പരസ്യപ്രതികരണമാണ് നടത്തിയതെന്നും ഇത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് പ്രത്യേക ഏരിയ കമ്മിറ്റി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തതും തീരുമാനമെടുത്തതും.
വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് മങ്ങലേൽപ്പിക്കുന്ന പ്രവർത്തനം നടത്തിയെന്നാണ് പാർട്ടി വിലയിരുത്തൽ. വേണ്ട പരിഗണന ലഭിച്ചില്ലെന്ന കാരണത്താൽ ഒരുവർഷം മുൻപ് നടന്ന സി.പി.എം. ജില്ലാ സമ്മേളനത്തിലും പാർട്ടി വിശാല സമ്മേളനത്തിലും പാർട്ടി നേതൃത്വത്തിനെതിരെ രാഘവൻ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നാലെ ഏരിയാ കമ്മിറ്റിയംഗത്വത്തിൽനിന്നും മറ്റു സ്ഥാനങ്ങളിൽനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു. ഈ മാസം നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ ആറ് പേരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയപ്പോൾ തന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനമെടുത്തെന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നു. ജൂനിയറായ ആളുകളെപ്പോലും ഉൾപ്പെടുത്തിയപ്പോൾ തന്നെ നേതൃത്വം അവഗണിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.







