കുമ്പള: സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ പട്ടയം ലഭിക്കുകയും ഭൂനികുതി അടയ്ക്കുകയും പോക്കുവരവ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും സ്ഥലം കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് സമരത്തിനൊരുങ്ങി യുവാവ്. കുമ്പള സ്വദേശി ഇര്‍ഷാദ് ചാക്കോയാണ് റവന്യൂ അധികൃതര്‍ക്കെതിരെ സമരത്തിനിറങ്ങുന്നത്. കോയിപാടി വില്ലേജില്‍ കെ.എസ്.ടി.പി റോഡരികില്‍ കെന്‍സ കോളേജിന് പിറകുവശത്തുള്ള ഭൂമിയാണ് തനിക്ക് അനുവദിച്ചതെന്ന് ഇര്‍ഷാദ് പറയുന്നു. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിച്ചു വരികയാണ് യുവാവും കുടുംബവും. സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാരിനോട് ഭൂമിക്കായി അപേക്ഷിച്ചത്. നിരവധി തവണ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഭൂമി അനുവദിച്ചതായി അറിയിക്കുകയും പട്ടയമേളയില്‍ പട്ടയം നല്‍കുകയും ചെയ്തു. എന്നാല്‍ ഭൂമി അളന്ന് അതിര്‍ത്തി നിര്‍ണയിച്ച് കാണിച്ചുനല്‍കിയില്ല. സ്വകാര്യ സര്‍വേയര്‍മാരുടെയും വിരമിച്ച വില്ലേജ് ഓഫീസറുടെയും സഹായത്തോടെ ഭൂമി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് താലൂക്ക് സര്‍വേയര്‍ എത്തിയിട്ടും ഭൂമി കണ്ടെത്താനായില്ല. പട്ടയത്തിലെ സര്‍വേ നമ്പറും സ്‌കെച്ചിലെ സര്‍വേ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇര്‍ഷാദ് ചൂണ്ടിക്കാട്ടി. സ്വകാര്യ സര്‍വേയര്‍മാര്‍ നടത്തിയ പരിശോധനയിലാണ് സര്‍വേ നമ്പറിലെ പിശക് കണ്ടെത്തിയത്. തുടര്‍ന്ന് തെറ്റ് ബോധ്യപെട്ടതോടെ ആദ്യം താലൂക്ക് ഓഫീസില്‍ നിന്ന് പട്ടയത്തിലെ സര്‍വേ നമ്പര്‍ തിരുത്തുകയും
കോയിപാടി വില്ലേജ് ഓഫീസര്‍ നികുതി രസീതില്‍ പേനകൊണ്ട് തിരുത്തി സീല്‍ പതിച്ചുനല്‍കിയതായും അദ്ദേഹം പറഞ്ഞു. കോയിപാടി പ്രദേശത്ത് സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്ന നിരവധി പേരുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു. പരിഹാരം തേടി ഏറെക്കാലമായി താലൂക്ക്, വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഭൂമി അളന്ന് തിട്ടപ്പെടുത്തി കൈമാറാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കുമ്പള വില്ലേജ് ഓഫീസിന് മുന്നിലോ താലൂക്ക് ഓഫീസ് പരിസരത്തോ സമരം നടത്തുമെന്നു ഇര്‍ഷാദ് ചാക്കോ കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.







