കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 6.33 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിനു സമീപത്തെ വാടകവീട്ടില്‍ താമസക്കാരനായ ഹംസ നീരാരി (46)യെയാണ് ഇന്‍സ്‌പെക്ടര്‍ എംവി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക, ബണ്ട്വാള്‍, പാണ്ഡവര്‍ക്കല്ല്, നീരാരി സ്വദേശിയാണ്. ഇന്നലെ (ശനി) വൈകുന്നേരം നാലരമണിയോടെ മഞ്ചേശ്വരം ബീച്ചില്‍ വച്ചാണ് ഹംസ പിടിയിലായതെന്നു പൊലീസ് പറഞ്ഞു. എസ്‌ഐ ജിയോ സദാനന്ദന്‍ .എസ്.വി യുടെ നേതൃത്വത്തില്‍ വാഹന പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയിലാണ് ഹംസ സ്‌കൂട്ടറുമായി എത്തിയത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഹംസയെ പിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എഎസ്‌ഐമാരായ മനോജ്, പവിത്രന്‍, എസ്‌ഐ പ്രഭേഷ്, പൊലീസുകാരായ സന്തോഷ്, സുധാകരന്‍, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.
2026 ജൂണ്‍ 26ന് 4.240ഗ്രാം എംഡിഎംഎയുമായി ഹംസയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.രഹസ്യവിവരത്തെത്തുടര്‍ന്ന് ഇയാളുടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കട്ടിലിനു സമീപത്ത് നിന്നു മയക്കുമരുന്നു കണ്ടെടുത്തിരുന്നത്. പ്രസ്തു കേസില്‍ റിമാന്റിലായിരുന്ന ഹംസ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മയക്കുമരുന്ന് ഇടപാട് തുടങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.







