കുമ്പള: കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനാല്‍ ഗതാഗതം നിരോധിച്ച കുമ്പള കഞ്ചിക്കട്ട പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. കുമ്പള പുഴയ്ക്ക് കുറുകെ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള വഴിതെളിഞ്ഞതോടെ വര്‍ഷങ്ങളായി യാത്രാദുരിതം അനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാകും. പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുകയും അടച്ചിടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കഞ്ചിക്കട്ട, മളി, താഴെ കൊടിയമ്മ,താഴെ ആരിക്കാടി, കുണ്ടാപ്പു ബംപ്രാണ, ചുരിത്തടുക്ക,
കോട്ടക്കാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. ഈ പുതിയ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവിടത്തെ യാത്രാപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. ജലവിഭവ വകുപ്പ് മൈനര്‍ ഇറിഗേഷന്‍ വിഭാഗം തയ്യാറാക്കിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തില്‍, എ കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ ഇടപെടല്‍ മൂലമാണ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 27 കോടി രൂപ അനുവദിച്ചത്. യാത്രാസൗകര്യത്തിനൊപ്പം കര്‍ഷകര്‍ക്കും ഈ പദ്ധതിയിലൂടെ വലിയ നേട്ടമുണ്ട്. കൃഷിയിടങ്ങളിലേക്ക് ജലലഭ്യത ഉറപ്പുവരുത്താനും പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടയാനുമുള്ള സംവിധാനങ്ങളും ഇതിലുള്‍പ്പെടുന്നു. സാങ്കേതികാനുമതി ലഭ്യമായ സാഹചര്യത്തില്‍, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാനാകും.







