കാസര്‍കോട്: കാസര്‍കോട് നിന്ന് കോഴിക്കോട് എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. കാസര്‍കോട് നിന്നും പുലര്‍ച്ചെ നാലിന് പുറപ്പെട്ട് ഉച്ചക്ക് പതിനൊന്നരയോടെ കാലിക്കറ്റ് എംവിആര്‍ കാന്‍സര്‍ സെന്ററിലെത്തുകയും വൈകിട്ട് ആറരയോടെ കോഴിക്കോട് നിന്നും പുറപ്പെട്ട് രാത്രി പന്ത്രണ്ടരയോടെ കാസര്‍കോട് എത്തുകയും ചെയ്യുന്ന രീതിയിലാണ് ബസിന്റെ സമയക്രമീകരണം. കാലിക്കറ്റ് സിറ്റി സര്‍വീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ മുടക്കിയാണ് കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി ബസ് വാങ്ങിയത്. ചന്ദ്രഗിരി തീരദേശപാത വഴിയാണ് സര്‍വീസ്. കാസര്‍കോട്, ചന്ദ്രഗിരി, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശേരി, മാഹി, വടകര, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, കുന്ദമംഗലം, കട്ടാങ്ങല്‍, എംവിആര്‍ കാന്‍സര്‍ സെന്റര്‍ എന്നിവടങ്ങളില്‍ ബസിന് . കീമോതെറാപ്പി, റേഡിയേഷന് തുടങ്ങിയ ചികിത്സകള്‍ക്കായി പോകുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ (ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെ) സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. ഇതിനായി അംഗീകൃത ഓങ്കോളജിസ്റ്റ് നല്കുന്ന പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റിന് 6 മാസത്തെ കാലാവധിയാണുള്ളത്. കാന്‍സര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് പോകുന്ന വടക്കെ മലബാറിലെ രോഗികള്‍ക്ക് ഒന്നിലധികം ബസുകള്‍ മാറിക്കയറുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഈ പുതിയ സര്‍വീസ് വലിയൊരു ആശ്വാസമാകും.







