ജോഡുകല്ല്: ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ജോഡുകല്ലിൽ നിർമ്മിച്ച പന്തൽ പൊളിച്ചുമാറ്റാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയണമെന്ന് ഗുരുപൂർ ശ്രീ വജ്രദേഹി മഠാധിപതി രാജശേഖരാനന്ദ സ്വാമി ആവശ്യപ്പെട്ടു.

പൈവളികെ, മീഞ്ച, മംഗൽപ്പാടി അതിർത്തി പ്രദേശമായ ജോഡ്ക്കല്ലിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ വിനായക ചതുർത്ഥി ആഘോഷ ഭൂമി സംരക്ഷണ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളും മതസാമുദായിക സംഘടനകളും സ്ഥാപനങ്ങളും സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നിരിക്കെ, ആഘോഷങ്ങൾക്കായി നിർമ്മിച്ച ഒരു പന്തൽ പൊളിച്ചുമാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മതേതരത്വവും നിയമവാഴ്ചയും ഭൂരിപക്ഷ സമൂഹത്തിന് മാത്രം ബാധകമാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നു അദ്ദേഹം ആരോപിച്ചു. പന്തലിനെതിരെ ഹൈക്കോടതിയെ സമീപിച്ച വ്യക്തിയെ തിരുത്താൻ അദ്ദേഹം ഉൾപ്പെടുന്ന രാഷ്ട്രീയ സംഘടന തയ്യാറാകണം. വിവിധ ആരാധനാലയ ഭൂമികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയെടുക്കാത്ത സാഹചര്യത്തിൽ, ബലം പ്രയോഗിച്ച് പന്തൽ പൊളിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നും ആവശ്യമായിവന്നാൽ ഈ പോരാട്ടത്തിൽ കർണാടകയിലെ ഭൂരിപക്ഷ സമൂഹവും അണിചേരുമെന്നും രാജശേഖരാനന്ദ സ്വാമിജി മുന്നറിയിപ്പ് നൽകി.ഒക്ടോ. 26 നു പന്തൽ പൊളിക്കാനുള്ള നീക്കം ഭക്തജനങ്ങൾ എന്തുവിലകൊടുത്തും തടയുമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.സേവാഭാരതി പ്രസിഡന്റ് ദാമോദര ഉബരളെ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, രവീശന്ത്രി കുണ്ടാർ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് കാര്യവാഹ് ലോകേഷ് ജോഡ്ക്കല്ല്, ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, കണ്ണൂർ മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ റൈ, ജില്ലാ സെക്രട്ടറി ലോകേഷ് നൊണ്ട, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുരാഗ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ, യാദവ മഹാസഭ മഹിളാ വിഭാഗം ജനറൽ സെക്രട്ടറി ഇന്ദുലേഖ കരിന്തളം, സുരേഷ് കീഴൂർ, രാമകൃഷ്ണൻ വാഴുന്നോറടി, വസന്തി കുംബ്ലെ, സങ്കപ്പ റൈ പ്രസംഗിച്ചു.







