മൂന്നാംകടവ് കയറ്റത്തിൽ വീണ്ടും ലോറി കുടുങ്ങി; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

കാസര്‍കോട്: പെരിയ-കുണ്ടംകുഴി റോഡിലെ മൂന്നാം കടവ് കയറ്റത്തില്‍ വീണ്ടും ലോറി കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ജെസിബി ഉപയോഗിച്ച് ലോറിയെ തള്ളിക്കയറ്റിയതോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്നു (ഞായര്‍) പുലര്‍ച്ചെ നാലരമണിയോടെയാണ് ലോറി മൂന്നാംകടവ് പാലം കഴിഞ്ഞുള്ള കയറ്റത്തില്‍ കുടുങ്ങിയത്. സുള്ള്യയില്‍ നിന്നു വാഴക്കുലകളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു ലോറി. കയറ്റത്തില്‍ എത്തിയപ്പോള്‍ ലോറിക്ക് മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. ക്ലീനര്‍ ചാടിയിറങ്ങി വലിയ മരക്കട്ടകള്‍ വച്ചാണ് പിന്നോട്ട് നീങ്ങി തുടങ്ങിയ ലോറിയെ നിയന്ത്രിച്ചു നിര്‍ത്തിയത്. ഇത് ലക്ഷ്യം കണ്ടിരുന്നില്ലെങ്കില്‍ വലിയ അപകടം തന്നെ ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്നാംകടവ് കയറ്റത്തില്‍ പതിവായ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ആലോചനകളും നടപടികളും തുടരുന്നതിനിടയിലാണ് ഇന്നു വീണ്ടും ലോറി കുടുങ്ങിയത്.
ഗൂഗിള്‍ മാപ്പ് നോക്കി അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ലോറികളാണ് മൂന്നാം കടവിൽ അപകടങ്ങളില്‍പ്പെടുന്ന ലോറികളില്‍ അധികവും. അതിനാല്‍ കുണ്ടംകുഴിയില്‍ മൂന്നാം കടവ് റോഡ് തുടങ്ങുന്ന ജംഗ്ഷനില്‍ അപകട സൂചനാ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page