കാസര്‍കോട്: 74-കാരിയായ വയോധികയുടെ അണ്ഡാശയത്തില്‍ വളര്‍ന്നിരുന്ന 11 കിലോയിലധികം ഭാരമുള്ള മുഴ കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നടന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. 31 സെന്റീമീറ്റര്‍ നീളവും 28 സെന്റീമീറ്റര്‍ വീതിയും അപൂര്‍വ്വമായ രീതിയില്‍ വളര്‍ന്ന മുഴയാണ് വിദഗ്ദ്ധ മെഡിക്കല്‍ സംഘം പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കുശേഷം രോഗി ആശങ്കാജനകമായ ഘട്ടം തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വയറില്‍ കടുത്ത വീക്കവും അസ്വസ്ഥതകളുമായാണ് രോഗി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് അണ്ഡാശയത്തില്‍ ഖരരൂപത്തില്‍ വളര്‍ന്ന മുഴ കണ്ടെത്തിയത്. അണ്ഡാശയത്തില്‍ സാധാരണയായി 5 മുതല്‍ 10 സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള സിസ്റ്റുകളാണ് കണ്ടുവരാറുള്ളത്. എന്നാല്‍ 28 സെന്റീമീറ്ററോളം വിസ്തൃതിയുള്ള വലിയ മുഴകള്‍ മെഡിക്കല്‍ രംഗത്ത് തന്നെ അത്യപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. എന്‍ അരവിന്ദ്, ഗൈനക്കോളജി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.വിദ്യ നമ്പ്യാര്‍ സുരേഷ് ബാബു, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് അമീന്‍, അനസ്‌തെറ്റിസ്റ്റ് ഡോ. ഋഥ്വിക് എസ്. നമ്പീശന്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. രോഗിയുടെ പ്രായവും (74 വയസ്സ്) മുഴയുടെ അസാധാരണമായ വലിപ്പവും ഭാരവുമാണ് ശസ്ത്രക്രിയയില്‍ പ്രധാന വെല്ലുവിളിയുയര്‍ത്തിയത്. സര്‍ജിക്കല്‍ ഓങ്കോളജി, ഗൈനക്കോളജി, അനസ്‌തേഷ്യ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനവും സമയോചിതമായ ഇടപെടലുമാണ് വലിയ അപകടസാധ്യതകള്‍ ഒഴിവാക്കി ശസ്ത്രക്രിയ പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന് സര്‍ജിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സല്‍ട്ടന്റുമായ ഡോ. വിദ്യ നമ്പ്യാര്‍ സുരേഷ് ബാബു പറഞ്ഞു. സങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ അത്യാധുനിക സര്‍ജിക്കല്‍ ഐ.സി.യു സംവിധാനങ്ങളും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനവും കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സജ്ജമാണെന്ന് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.







