കാസര്‍കോട്: ട്രെയിനിലെ ഡിസേബിലിറ്റി കോച്ചില്‍ കയറി കാഴ്ച പരിമിതിയുള്ള കാസര്‍കോട് സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത സംഭവത്തില്‍ 23 കാരനെ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടക കുടക് ഹൊസൂറിലെ അയ്യപ്പയാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുംബൈയിലേക്കുള്ള അവധിക്കാല സ്പെഷ്യല്‍ ട്രെയിനിലാണ് അക്രമം നടന്നത്. ആലുവയില്‍ നിന്നാണ് സ്ത്രീയും മകനും ട്രെയിനില്‍ കയറിയത്. കണ്ണൂര്‍ വരെ കോച്ചില്‍ മറ്റ് യാത്രക്കാരുണ്ടായിരുന്നു. ട്രെയിന്‍ സ്റ്റേഷന് വിട്ടപ്പോള്‍ പ്രതി ഡിസേബിലിറ്റി കോച്ചില്‍ ഓടിക്കയറുകയായിരുന്നു. മദ്യപിച്ച പ്രതി സ്ത്രീയുടെ അടുത്തിരുന്ന് ശല്യം തുടങ്ങി. യുവാവിനെ തള്ളിമാറ്റിയിട്ടും ദേഹോപദ്രവം തുടര്‍ന്നു. മാനഹാനി വരുത്താനുള്ള ശ്രമവും നടത്തി. കൊല്ലുമെന്ന് ഭയന്ന സ്ത്രീ ഒടുവില്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ നിന്നതോടെ ഗാര്‍ഡ് കോച്ചിന് സമീപം എത്തി കാര്യം അന്വേഷിച്ചു. സ്ത്രീ സംഭവം വിവരിച്ചപ്പോള്‍ ഗാര്‍ഡ് കാസര്‍കോട് സ്റ്റേഷനിലെ ആര്‍പിഎഫിനും റെയില്‍വെ പൊലീസിനും വിവരം കൈമാറി. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയതോടെ അക്രമിയെ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് കയ്യോടെ പിടികൂടി. വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനിലെ എസ് ഐ സിഎസ് സനില്‍കുമാര്‍, സിപിഒമാരായ ജ്യോതിഷ് ജോസ്, സുശാന്ത്, രാജേഷ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സോജന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.







