തളങ്കര, കടവത്തെ കൊലപാതകം; യുവാവിനെ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ട യുവാവിന്റെ മൊബൈല്‍ ഫോണുമായി കടന്ന സംഘം വലയില്‍?

കാസര്‍കോട്: തളങ്കര, കടവത്തെ ഒരു കെട്ടിടത്തിന്റെ മുകളിലെ നിലയിലെ മുറിയില്‍ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. കര്‍ണ്ണാടക, ദാവണഗരെ സ്വദേശിയായ നജീമുള്ളയാണ് കൊല്ലപ്പെട്ടത്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കണമെങ്കില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തണം. ഇതിനുള്ള സാമ്പിള്‍ നല്‍കുന്നതിനായി നജീമുള്ളയുടെ ബന്ധുക്കള്‍ കാസര്‍കോട്ടെത്തി.
ഒരാഴ്ച മുമ്പാണ് കടവത്തെ കെട്ടിടത്തില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കാണപ്പെട്ടത്. പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു മുറി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കൊലപാതകമാണെന്നു ഉറപ്പിച്ചിരുന്നു. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയായിരുന്നു കൊലപാതകം.

മത്സ്യ ബന്ധന തൊഴിലിനാണ് നജീമുള്ളയും മറ്റു മൂന്നു പേരും തളങ്കര, കടവത്ത് എത്തിയത്. കൊലപാതകത്തിനു ശേഷം നജീമുള്ളയുടെ മൊബൈല്‍ ഫോണുമായാണ് സംഘം സ്ഥലം വിട്ടത്. മംഗ്‌ളൂരുവില്‍ എത്തുന്നതുവരെ പ്രസ്തുത ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനു ശേഷം പ്രവര്‍ത്തിച്ചിട്ടില്ല. പ്രതികള്‍ മനഃപൂര്‍വ്വം ഓഫ് ചെയ്തതോ, സ്വിച്ച് ഓഫ് ആയതോ ആയിരിക്കാം കാരണമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.

കെട്ടിട വാടക അയച്ചു നല്‍കിയ ഗൂഗിള്‍ പേ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്. തുടര്‍ന്നാണ് പൊലീസ് സംഘം ദാവണഗരെയിലേയ്ക്കു പോയത്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പൊലീസിന്റെ വലയിലായതായാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയ്യാറായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page