കാസര്‍കോട്: അധികാരത്തില്‍ക്കയറിയ ഉടനെ തിരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാന്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര ഉറപ്പാക്കിക്കൊണ്ട് ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനി ബസ് സര്‍വീസ് കെ എസ് ആര്‍ ടി സിക്കുണ്ടാക്കുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ അടുത്ത പരിഷ്‌ക്കാരമായി വിജ്ഞാന ദര്‍ശിനി സര്‍വ്വീസ് ആരംഭിക്കുന്നു.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വിനോദയാത്രയ്ക്കുവേണ്ടിയാണ് വിജ്ഞാന ദര്‍ശിനി യാത്രാ പാക്കേജ് ആരംഭിച്ചിട്ടുള്ളത്. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആരംഭിക്കുന്ന സ്‌കൂള്‍- കോളേജ് വിനോദയാത്ര സീസണ്‍ മുന്‍കൂട്ടിക്കണ്ടാണ് വിജ്ഞാന ദര്‍ശിനിയെ റോഡിലിറക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിനോദ സഞ്ചാരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനു കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ പദ്ധതികളാവിഷ്‌ക്കരിച്ചു.
ആദ്യ ഘട്ടം പരീക്ഷണമായി തിരുവനന്തപുരം ജില്ലയിലാണ് ആരംഭിക്കുക. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വിജ്ഞാന ദായിനി ബജറ്റ് ടൂറിസത്തിലുള്ളത്. ഇതിനു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം അവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും വിജ്ഞാന ദായിനി ഓടും. പരിപാടി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഏര്‍പ്പെടുത്താനും തിരക്കിട്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിജ്ഞാനദര്‍ശിനിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലും ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരെയും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ബജറ്റ് ടൂറിസം പാക്കേജ് ആവശ്യമുള്ളവര്‍ക്കു കോ- ഓര്‍ഡിനേറ്റര്‍മാരെ ബന്ധപ്പെടാവുന്നതാണ്.








