“കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ വന്‍മയക്കുമരുന്നുവേട്ട; വില്‍പ്പനക്കാരനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി, അമ്പരന്ന് ജനം”

കാസര്‍കോട്: ‘കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിൽവന്‍ മയക്കുമരുന്നുവേട്ട. വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നു കൈമാറാനെത്തിയ വില്‍പ്പനക്കാരനെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു. സംഭവം കണ്ട് നിരവധി പേര്‍ സ്ഥലത്തു തടിച്ചു കൂടി”. മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള ബോധവൽക്കരണ നാടകമായിരുന്നു യഥാര്‍ത്ഥത്തില്‍ നടന്നതെങ്കിലും കാണികളില്‍ അത് വലിയ പ്രതികരണം ഉണ്ടാക്കി. ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പൊതുജനങ്ങളും ചേര്‍ന്നുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ പരിപാടിയുടെ ഭാഗമായാണ് നാടകം അരങ്ങേറിയത്. പ്രമുഖ നാടക നടന്‍ മോഹനന്‍ പെരിയയും നായന്മാര്‍മൂല ടി ഐ എച്ച് എസിലെ വിദ്യാര്‍ത്ഥികളുമാണ് നാടകത്തില്‍ അണിനിരന്നത്.


നാടകത്തിനു ശേഷം നടന്ന പ്രതിജ്ഞയുടെ ഉദ്ഘാടനവും ബസുകളില്‍ ലഹരി വിരുദ്ധ സ്റ്റിക്കര്‍ പതിക്കല്‍ പരിപാടിയും ജില്ലാ പൊലീസ് മേധാവി പി.നിതിന്‍രാജ് ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ എസ്പി പി.പി കരുണാകരന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ഡോ. വി.ബാലകൃഷ്ണന്‍, എസ് എംഎസ് ഡിവൈഎസ്പി ടി. ഉത്തംദാസ്, സോഷ്യല്‍ പൊലീസിംഗ് ഓഫീസര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍, ജനമൈത്രി പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ ശശി പുല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ടൗണ്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂൾ , ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ സംബന്ധിച്ചു.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഒന്നരലക്ഷം പേര്‍ ഇന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പൊതുജനങ്ങളെ കൂടി ഭാഗമാക്കുന്നതിനാണ് പരിപാടി നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page