കീഴൂർ ഖാളി പാരമ്പര്യത്തിന് പുതിയ അധ്യായം; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണം ഇന്ന്

കാസർകോട്: കീഴൂർ സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഖാളിയായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ശനിയാഴ്ച കളനാട് കെ.എച്ച്. ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിനോടനുബന്ധിച്ച് വിപുലമായ സ്വീകരണ പരിപാടികളും സംഘടിപ്പിക്കും.

കാസർകോട് ജില്ലയിലെ മുസ്ലിം സമൂഹത്തിന്റെ മതപരവും സാമൂഹികവുമായ ജീവിതത്തിൽ സുപ്രധാന സ്ഥാനമാണ് കീഴൂർ ഖാളി പാരമ്പര്യം. മഹല്ലുകൾക്കിടയിൽ ഐക്യവും സൗഹാർദവും നിലനിർത്തുന്നതിനും വിശ്വാസികൾക്ക് മതപരമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ഈ പാരമ്പര്യത്തിലെ ഖാളിമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സി. മുഹമ്മദ് മുസ്‌ലിയാർ, സി.എം. അബ്ദുല്ല മൗലവി, ത്വാഖാ അഹമ്മദ് മൗലവി തുടങ്ങിയ പ്രമുഖരുടെ സേവനങ്ങൾ ഈ പാരമ്പര്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയമാണ്.

പാണക്കാട് സയ്യിദ് കുടുംബത്തിലെ പ്രമുഖ മത-സാമൂഹിക വ്യക്തിത്വമായ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഖാളിയായി ചുമതലയേൽക്കുന്നത് കീഴൂർ സംയുക്ത മുസ്ലിം ജമാഅത്തിനും അതിന്റെ കീഴിലുള്ള മഹല്ലുകൾക്കും പുതിയ അധ്യായമാണ്. മഹല്ലുകളുടെ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും മതപരമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും പുതിയ ഖാളിയുടെ നേതൃത്വം സഹായകമാകുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.

വിപുലമായ സ്വീകരണവും ഖബർ സിയാറത്തും

ഇന്ന് കീഴൂർ മഖാം പരിസരത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ സ്വീകരിച്ച് ആനയിക്കും. തുടർന്ന് മേൽപ്പറമ്പിൽ മർഹൂം ഖതീബ് അബ്ദുൽ ഖാദർ മുസ്‌ലിയാരുടെയും മാഹിൻ ഉസ്താദിന്റെയും ഖബറിടങ്ങളിൽ സിയാറത്ത് നടത്തും.

തുടർന്ന് കളനാട് ജുമാ മസ്ജിദ് പരിസരത്തുനിന്ന് ദഫ്, സ്കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ കീഴൂർ സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികൾ, അംഗജമാഅത്തുകളിലെ നേതാക്കൾ, മഹല്ലുകളിലെ ഉസ്താദുമാർ തുടങ്ങിയവർ തങ്ങളെ അനുഗമിച്ച് കാൽനടയായി കളനാട് കെ.എച്ച്. ഓഡിറ്റോറിയത്തിലെത്തും.

മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, മതപണ്ഡിതർ, മഹല്ല് ജമാഅത്ത് ഭാരവാഹികൾ, വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും.

എല്ലാ മഹല്ലുകളുടെയും പങ്കാളിത്തം അഭ്യർഥിച്ചു

സ്ഥാനാരോഹണ ചടങ്ങ് പ്രൗഢഗംഭീരവും വിജയകരവുമാക്കുന്നതിനായി കീഴൂർ സംയുക്ത മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള എല്ലാ മഹല്ല് ജമാഅത്തുകളും പരമാവധി ആളുകളുടെയും വാഹനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ എം.എൽ.എ അഭ്യർഥിച്ചു. മഹല്ലുകളുടെ ഐക്യവും കൂട്ടായ്മയും വിളിച്ചോതുന്ന ഈ ചടങ്ങിൽ പ്രവർത്തകരും വിശ്വാസികളും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹംതുടർന്ന് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page