കാസര്‍കോട്: അത്യുജ്ജ്വല പ്രകടനത്തോടെ ബി എം എസ് ദ്വിദിന ജില്ലാ സമ്മേളനത്തിനു തുടക്കമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നു ആരംഭിച്ച പ്രകടനത്തില്‍ ജില്ലയിലെ 38 പഞ്ചായത്തുകളില്‍ നിന്നും മൂന്നു നഗര സഭകളില്‍ നിന്നുമുള്ള പതിനായിരത്തോളം തൊഴിലാളികള്‍ അണി നിരന്നു.

കാസര്‍കോട് പഴയ ബസ്സ്റ്റാന്റ്, ട്രാഫിക് ജംഗ്ഷന്‍ ,ബാങ്കു റോഡു വഴി നീങ്ങിയ പ്രകടനം കറന്തക്കാട് സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കെ വി മധുകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ ഉപേന്ദ്രന്‍ ആധ്യക്ഷ്യം വഹിക്കും. ജില്ലാ സെക്രട്ടറി കെ വി ബാബു, സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ബാലചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതിനിധിസഭ നാളെ രാവിലെ 10ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപത്തെ ആര്‍ കെ മാളില്‍ നടക്കും.







