ബോവിക്കാനം: ഇന്നു വൈകിട്ട് 3മണിക്ക് പഥസഞ്ചലനം സമാപന പരിപാടിക്ക് ആര്‍എസ്എസിന് അനുവദിച്ച മുളിയാര്‍ പഞ്ചായത്ത് മിനി സ്റ്റേഡിയം പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടി. സ്റ്റേഡിയത്തില്‍ ആരും കടക്കാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തണമെന്ന് പൊലീസിനോടാവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി വാട്‌സ്ആപ് സന്ദേശത്തില്‍ വെളിപ്പെടുത്തി.

പഞ്ചായത്തിന്റെ കരാര്‍ പണികളും വിവാദവുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറിയെ തിരിച്ചുകൊണ്ടുവരാന്‍ ഒരു വിഭാഗം ലീഗ് നേതാക്കള്‍ നടത്തുന്ന ശ്രമവും ഭരണകക്ഷിയായ ലീഗിലും പോഷക സംഘടനകളിലും ഭിന്നത പ്രകടമാക്കിയിരുന്നു. ഇത് ലീഗിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും പ്രതിഫലിക്കുകയും ഭരണത്തിലും പാര്‍ട്ടിയിലും വിവാദമുടലെടുക്കുയും ആയിരുന്നു. ഈ വിവാദം തെല്ലു ശമിച്ചതോടെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ സ്ഥലം മാറ്റവും തിരിച്ചു കൊണ്ടുവരാനുള്ള ഒരു വിഭാഗത്തിന്റെ നീക്കവും വീണ്ടും വിവാദമായത്. ആ വിവാദം നിലനില്‍ക്കെയാണ് പഞ്ചായത്ത് ഗ്രൗണ്ട് ഇന്ന് ആര്‍എസ്എസ് പരിപാടിക്ക് വാടകക്ക് നല്‍കാനുള്ള തീരുമാനം റദ്ദാക്കിയതായി അറിയിച്ചു കൊണ്ടു ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് ഗ്രൂപ്പില്‍ വോയ്‌സ് മെസേജ് ഇട്ടത്. ഈ വോയ്‌സ് മെസേജ് പഞ്ചായത്തിലേയും പുറത്തേയും മിക്ക ഗ്രൂപ്പുകളിലും പറന്നു കളിക്കുന്നു.
പഞ്ചായത്ത് പ്രസിഡന്റിന്റെ വോയ്‌സ് മെസേജിനു മുമ്പ് പഞ്ചായത്ത് പ്രസിഡന്റിനെ കുടഞ്ഞുകൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യവും ആശങ്കയും ഗ്രൂപ്പില്‍ സജീവമായിരുന്നു. പഞ്ചായത്ത് ഭരണം ശക്തമായ പിന്തുണ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭരണത്തിനെതിരെ പാരയുമായി ഇറങ്ങരുതെന്നു പഞ്ചായത്ത് പ്രസിഡന്റ് വോയ്‌സ് മെസേജില്‍ സൂചിപ്പിച്ചു.
കഴിഞ്ഞ കുറേ ദിവസമായി പഞ്ചായത്തിലെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പഞ്ചായത്തിനെയും പാര്‍ട്ടിയെയും ബന്ധപ്പെടുത്തി കുറിപ്പുകളും വോയ്‌സ് മെസേജുകളും വരുന്നത് പഞ്ചായത്ത് പ്രസിഡന്റ് തന്റെ വോയ്‌സ് മെസേജില്‍ എടുത്തുകാട്ടി. ഇതില്‍ ചിലത് ശരിയാണെന്ന് അദ്ദേഹം സമ്മതിച്ചു. ചിലത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പഥസഞ്ചലനത്തിന് ഇന്ന് (ഞായര്‍) ഉച്ച കഴിഞ്ഞ് 3 മണിക്ക് അനുവദിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരു ക്ലബ്ബും ഡിവൈഎഫ്‌ഐയും ക്രിക്കറ്റ് ടൂര്‍ണമെന്റിനും ഗ്രൗണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത മാസം 15ന് നടത്താനിരിക്കുന്ന പഞ്ചായത്ത് കേരളോത്സവം പരിഗണിച്ച് അതുവരെ സ്റ്റേഡിയം ആര്‍ക്കും നല്‍കാനാവില്ലെന്ന് അവരെ അറിയിക്കുകയും അപേക്ഷകള്‍ കഴിഞ്ഞ ദിവസം നിരസിക്കുകയും ചെയ്തു-വോയ്‌സ് മെസേജില്‍ പറഞ്ഞു. പോരാത്തതിന് സ്‌റ്റേഡിയത്തിന് പൂട്ടിട്ടു. അതും പോരാഞ്ഞ് സ്‌റ്റേഡിയത്തില്‍ ആരും കയറാതിരിക്കാന്‍ പൊലീസിനോട് കാവലും ആവശ്യപ്പെട്ടിട്ടുണ്ട്-അറിയിപ്പില്‍ തുടര്‍ന്നു പറഞ്ഞു.
എന്നാല്‍ ലീഗിന്റെ പോഷക സംഘടനകള്‍ ഗ്രൂപ്പില്‍ കുത്തിത്തിരുപ്പുണ്ടാക്കുന്നുണ്ടെന്നു പരോക്ഷമായി പഞ്ചായത്ത് പ്രസിഡന്റ് സൂചിപ്പിച്ചു. പ്രശ്‌നം പഞ്ചായത്തില്‍ പുകയുന്നുണ്ട്.







