കാസര്‍കോട്: ബസ് യാത്രക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണ വയോധികനെ അതേ ബസില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉപ്പള, കൈക്കമ്പയിലെ ഗുജിരിക്കടയില്‍ ജോലിക്കാരനായ കര്‍ണാടക, ഭദ്രാവതി, ജപ്പത്തുനഗറിലെ ഫയാസ് അഹമ്മദ് (61) ആണ് മരിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മഞ്ചേശ്വരത്തേക്ക് തിരിച്ചു.
ഇന്നലെ (വെള്ളി) വൈകുന്നേരമുണ്ടായ സംഭവത്തെ കുറിച്ച് ബസ് ജീവനക്കാര്‍ പറയുന്നത് ഇങ്ങനെ: “കാസര്‍കോട് നിന്ന് തലപ്പാടിയിലേക്ക് പോവുകയായിരുന്ന ഗജാനന ബസിലെ യാത്രക്കാരനായിരുന്നു ഫയാസ് അഹമ്മദ്. കാസര്‍കോട് നിന്ന് ബസില്‍ കയറിയ ഇദ്ദേഹം തലപ്പാടിയിലേക്കാണ് ടിക്കെറ്റെടുത്തത്. ബസ് ബന്തിയോട് എത്തിയപ്പോള്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ എരിയാലിലെ ജിതിനും കണ്ടക്ടര്‍ അടുക്കത്ത്ബയലിലെ കെപി പ്രണവും ബസ് മംഗല്‍പാടി താലൂക്കാശുപത്രിയിലേക്ക് വിട്ടു. മറ്റു സ്റ്റോപ്പുകള്‍ ഒഴിവാക്കിയായികുന്നു ബസ് ആശുപത്രിയിലേക്ക് കുതിച്ചത്. യാത്രക്കാരും ജീവനക്കാരുടെ തീരുമാനത്തോട് യോജിച്ചു. മിനിറ്റുകള്‍ക്കകം ബസ് ആശുപത്രിയില്‍ എത്തി ഫയാസ് അഹമ്മദിന് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല”. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.








