കോയമ്പത്തൂര്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥിയായ എ. അഖിലന്‍ (16) ആണ് മരിച്ചത്.
ജാതിയുടേയും ബീഫ് കഴിച്ചതിന്റേയും പേരില്‍ അധ്യാപകനും സഹപാഠികളും നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍
സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അധ്യാപകനായ വിജയകുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പലായ അരുണ്‍കുമാര്‍ എന്നീ നാലുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനും മറ്റ് വകുപ്പുകള്‍ പ്രകാരവും പീലമേട് പൊലീസ് കേസെടുത്തു. പൂജാ അവധിക്ക് ശേഷം ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് കുട്ടി പോയിരുന്നു. വീട്ടുജോലിക്കാരിയായ മാതാവ് ഉച്ചയോടെ ഭാരതി കോളനിയിലെ വീട്ടിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ പോയപ്പോള്‍ വിദ്യാര്‍ഥികള്‍ അകറ്റി നിര്‍ത്തിയതായി പറയുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. പിന്നാലെ സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ അഖിലന്‍ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു. രണ്ട് മാസം മുമ്പ് സ്‌കോളര്‍ഷിപ്പിനായി പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ അധ്യാപകന്‍ വിജയകുമാര്‍ ക്ലാസില്‍ വെച്ച് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അഖിലന്‍ ഇതിനായി അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ നിങ്ങളില്‍ എത്രപേര്‍ ബീഫ് കഴിക്കുന്നവരാണെന്ന് ചോദിച്ചു. മറുപടിയായി അഖിലനും മറ്റ് നാല് പേരും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തു. ബീഫ് കഴിച്ചവന്‍ എന്ന് പറഞ്ഞ് അധ്യാപകന്‍ അന്ന് തന്നെ കളിയാക്കിയതായി കുട്ടി മാതാവിനോട് പറഞ്ഞിരുന്നു. കൂടാതെ രണ്ട് സഹപാഠികള്‍ ജാതിയുടെ പേരില്‍ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് മാതാവ് പറയുന്നു. ഈ ഉപദ്രവങ്ങളെക്കുറിച്ച് അഖിലന്‍ പ്രിന്‍സിപ്പല്‍ അരുണ്‍കുമാറിനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തില്ലെന്നും മാതാവ് ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിതയിലെയും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.








