സംസ്ഥാന സ്‌കൂള്‍ കായികമേള: ദീപശിഖ പ്രയാണം ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ചു

കാസര്‍കോട്: 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ പ്രയാണം ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാരംഭിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എയില്‍ നിന്ന് ദേശീയ ഡിസ്‌കസ് ത്രോ താരം കെ.സി സര്‍വാന്‍ ദീപശിഖ ഏറ്റുവാങ്ങി. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ അധ്യക്ഷനായി. എ ഇ ഒ സുരേന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ പ്രീതിമോള്‍, സെക്രട്ടറി ബിജു സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ പി സീമ ചടങ്ങില്‍ സംബന്ധിച്ചു. ഹെഡ് മാസ്റ്റര്‍ സുനില്‍ കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു
തുടര്‍ന്ന് ദീപശിഖ കായികതാരങ്ങളുടെ അകമ്പടിയോടെ ആദ്യ സ്വീകരണ കേന്ദ്രമായ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ വരെ ചായ്യോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായിക താരങ്ങള്‍ ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കുന്നു. ജില്ലയില്‍ നീലേശ്വരം രാജാസ് സ്‌കൂളിലും, പിലിക്കോട് സി.കെ.എന്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും സ്വീകരണം നല്‍കും. നീലേശ്വരത്ത് നടക്കുന്ന സ്വീകരണ പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് റാഫിയും പിലിക്കോട് സന്ദീപ് വാര്യര്‍ എം.എല്‍.എയും പങ്കെടുക്കും. 25-ന് രാവിലെ കോഴിക്കോട് കടപ്പുറത്തെത്തുന്ന ദീപശിഖ, അവിടെനിന്ന് ആഘോഷറാലിയായി കോഴിക്കോട് എന്‍ഐടി മൈതാനത്ത് എത്തിക്കും. ഒളിമ്പ്യനും മേളയുടെ ബ്രാന്‍ഡ് അംബാസഡറുമായ പി. ടി. ഉഷ എന്‍ഐടി മൈതാനത്ത് ദീപശിഖ തെളിയിക്കും. വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി വി. ഡി. സതീശന്‍ കായികമേള ഉദ്ഘാടനം ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page