കാസര്‍കോട്: പശ്ചിഘട്ടങ്ങളില്‍ മാത്രം പൊതുവെ കാണപ്പെടുന്ന ഹനുമാന്‍ കുരങ്ങ് നാട്ടിലിറങ്ങി. പെരിയ, ആയമ്പാറ, ഉരുളംകോടിയില്‍ ഇന്ന് (വെള്ളി) ഉച്ചയോടെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ഹനുമാന്‍ കുരങ്ങ് എത്തിയത്. എന്നാല്‍ നാട്ടിന്‍പുറങ്ങളില്‍ പൊതുവെ കാണാറില്ലാത്ത ഈ ഇനം കുരങ്ങ് എവിടെ നിന്നാണ് ആയമ്പാറയില്‍ എത്തിയതെന്നു വ്യക്തമല്ല.
ഗോവ, കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളിലാണ് ലംഗൂര്‍ എന്നു കൂടി അറിയപ്പെടുന്ന ഹനുമാന്‍ കുരങ്ങിനെ കാണാറുള്ളത്. കാസര്‍കോട് ജില്ലയില്‍ ഇരിയണ്ണി, റാണിപുരം വനങ്ങളില്‍ ഇവയെ കാണാറുണ്ട്. ഈ ഭാഗങ്ങളില്‍ എവിടെ നിന്നെങ്കിലും കൂട്ടം തെറ്റിയായിരിക്കും ഹനുമാന്‍ കുരങ്ങ് ആയമ്പാറയില്‍ എത്തിയതെന്നു സംശയിക്കുന്നു. സൈലന്റ് വാലിയാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം.







