കുടക്: കുടകിൽ വീരാജ്പേട്ട താലൂക്കിലെ സിദ്ധാപുരക്ക് സമീപം ബഡഗ ബനംഗല ഗ്രാമത്തിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഇവിടെ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന വിജേഷ് (36), ഭാര്യ: പ്രമിത (35), മകൾ ലിയ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ജോലികഴിഞ്ഞ് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ബുധനാഴ്ച രാവിലെ തോട്ടം തൊഴിലാളികളാണ് കാർ മുങ്ങിയ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വാഹനം തടാകത്തിന് പുറത്ത് എത്തിച്ചുവെങ്കിലും കാറിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് പേരും മരിച്ചിരുന്നു. രാത്രിയിൽ പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. ഇത് കാരണം നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് വീണതാകാം എന്നാണ് കരുതുന്നത്. അഞ്ചുവർഷം മുമ്പാണ് വിജേഷും കുടുംബവും സിദ്ധാപൂരിൽ താമസം തുടങ്ങിയത്. ഇവർ ഇരട്ടി സ്വദേശികളാണെന്നാണ് വിവരം. സിദ്ധാപുര പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.








