കാസര്‍കോട്: യുവതിയുടെ മാതാവിന്റെ 24 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയതായി പരാതി. തിരികെ ചോദിച്ച വിരോധത്തില്‍ യുവതിയെ കാറില്‍ തടഞ്ഞുവച്ചു അക്രമിച്ചു. 22കാരിയുടെ പരാതിയില്‍ കാസര്‍കോട്ടെ യൂസഫ് ഇര്‍ഷാദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതിയും യൂസഫ് ഇര്‍ഷാദും പരിചയക്കാരായിരുന്നു. ഇതിനിടയില്‍ പരാതിക്കാരിയുടെ കൂടെയുള്ള ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി തിരികെ തരാമെന്നു പറഞ്ഞ് യുവതിയുടെ മാതാവിന്റെ 24 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നുവെന്ന് പറയുന്നു. എന്നാല്‍ സ്വര്‍ണം തിരികെ കൊടുത്തില്ല. ശനിയാഴ്ച ബന്തിയോട് വച്ച് സ്വര്‍ണം തിരികെ ചോദിച്ചപ്പോള്‍ യുവതിയെ കാറില്‍ തടഞ്ഞുവച്ച് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അതേ സമയം പരാതിക്കാരിയായ യുവതി ‘പാരസറ്റമോള്‍ 650 ‘എന്ന ഗുളിക 20 എണ്ണം ഒന്നിച്ച് കഴിച്ച് അത്യാസന്ന നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.







