ന്യൂഡൽഹി: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സർവീസ് നീട്ടാൻ ധാരണ. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍കോട്ടേക്കും നീട്ടാനുമാണ് ധാരണയായത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിലാണ് സർവീസുകളുടെ കാര്യത്തിൽ ധാരണയായത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സർവീസുകൾ നീട്ടുന്ന കാര്യത്തിൽ ഉറപ്പുനല്‍കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കാസര്‍കോട്ടേക്ക് നീട്ടുന്നതോടെ വടക്കൻ കേരളത്തിലെ യാത്രക്കാരുടെ പ്രശ്നത്തിനു ചെറിയ പരിഹാരമാകും. കാസർകോടേക്ക് എറണാകുളം ഭാഗത്ത് നിന്ന് രാത്രി യാത്രയ്ക്ക് ട്രെയിൻ വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഉച്ചയ്ക്ക് 03:50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12:10 ഓടെയാണ് നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിക്കുന്നത്. കാസർകോട് പോകേണ്ടവർ പിന്നെ കെഎസ്ആർടിസി ബസ്സിനെയാണ് ആശ്രയിക്കുന്നത്. ഈ ട്രെയിൻ സർവീസ് നീട്ടണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. വൈകീട്ട് 05:08ന് എറണാകുളം ജങ്ഷനിലും 05:23 എറണാകുളം ടൗണിലുമെത്തുന്ന ട്രെയിൻ രാത്രി 10:22ന് കോഴിക്കോട് എത്തും. ഈ ഭാഗത്ത് നിന്ന് കാസർകോടേക്ക് രാത്രിയിൽ ട്രെയിൻ വേണമെന്നത് വളരെക്കാലയമുള്ള ആവശ്യമാണ്. ഇതാണ് യാഥാർഥ്യമാകാൻ പോകുന്നത്.








