വാഷിംഗ്ടണ്‍: പിറന്നാള്‍ സമ്മാനമായി മാതാവ് വാങ്ങിക്കൊടുത്ത തോക്കുമായി സ്‌കൂളിലെത്തിയ 16 കാരന്‍ പരക്കെ വെടിവെയ്പ്പ് നടത്തി. ആക്രമണത്തില്‍ മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒടുവില്‍ അതേ തോക്കിലെ വെടിയേറ്റ് പ്രതിയും കൊല്ലപ്പെട്ടു. അമേരിക്കയിലെ ഒറിഗണിലുള്ള സില്‍വര്‍ റെയില്‍ എലിമെന്ററി സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രിഫിന്‍ ജെ ജോണ്‍ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ വ്യാഴാഴ്ച ആക്രമണം നടത്തിയത്. സ്‌കൂളിലെത്തിയ ജോണ്‍ ആദ്യം റോഡിലൂടെ കടന്നുപോയ പിക്കപ്പ് ട്രക്കിനുനേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് ക്ലാസ് മുറിയിലെത്തിയ പ്രതി അവിടെയുണ്ടായിരുന്നവര്‍ക്കുനേരെയും വെടിയുതിര്‍ക്കുകയായിരുന്നു. സ്‌കൂളില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് പിക്കപ്പ് ട്രക്കിനുനേരെ വെടിയുതിര്‍ക്കുന്ന ജോണിനെ കണ്ട ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. തന്റെ രണ്ടുകുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുന്നതിനാല്‍ ഡ്രൈവറും പ്രതിയെ അന്വേഷിച്ചിരുന്നു. ആക്രമണത്തിനിടെ ഒരു അധ്യാപകന്‍ അക്രമിയില്‍നിന്ന് തോക്ക് പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. മല്‍പിടുത്തം നടക്കുന്നതിനിടെ പിക്കപ്പ് ട്രക്ക് ഡ്രൈവര്‍ അവിടെയെത്തുകയും തഞ്ചത്തില്‍ തോക്ക് കൈവശപ്പെടുത്തി അക്രമിയെ വെടിവെച്ചുകൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഷോണ്ടേ നിക്കേഴ്‌സണ്‍ എന്ന പ്രതിയുടെ മാതാവ് 12 ഗേജ് ഷോട്ട്ഗണ്‍ വിനോദാവശ്യങ്ങള്‍ക്കായി സമ്മാനിച്ചതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.








