കാസർകോട് നഗരസഭാ ചെയർപേഴ്സനു അമിതാധികാര ദുർവിനിയോഗം: കെ. രവീന്ദ്ര പൂജാരി

കാസർകോട്: നഗരസഭാ ഭരണത്തിൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രം വിനിയോഗിക്കേണ്ട പ്രത്യേക പരമാധികാരം നിസ്സാര കാരണങ്ങൾക്കായി ചെയർപേഴ്സൺ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി കൗൺസിലറും പ്രതിപക്ഷ നേതാവുമായ കെ. രവീന്ദ്ര പൂജാരി വിമർശിച്ചു. നഗരസഭയുടെ പ്രധാന സ്വത്തുക്കളായ സീ വ്യൂ പാർക്ക്, കെ.പി.ആർ. റാവു റോഡിലെ പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ പൊതുചർച്ചകളൊന്നുമില്ലാതെ ഏകപക്ഷീയമായി സ്വകാര്യവൽക്കരിക്കാനുള്ള ചെയർപേഴ്സന്റെ ശ്രമം സംശയാസ്പദവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു.
നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ‘സീ വ്യൂ പാർക്ക്’ പി.പി.പി (പൊതു-സ്വകാര്യ പങ്കാളിത്തം) മാതൃകയിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന ഭരണസമിതി, ഇതിലൂടെ നഗരസഭയ്ക്ക് ഉണ്ടാകുന്ന ലാഭനഷ്ടങ്ങൾ എന്തൊക്കെയാണ്, സ്വകാര്യ വ്യക്തികളുടെ നിക്ഷേപം എത്രയാണ്, പ്രവർത്തന മാർഗ്ഗരേഖകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരുവിധ സാധ്യതാ പഠന റിപ്പോർട്ടും തയ്യാറാക്കിയിട്ടില്ല. കൗൺസിൽ യോഗത്തിലോ ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികളിലോ യാതൊരുവിധ ചർച്ചയും നടത്താതെ ഏകപക്ഷീയമായി പത്രങ്ങളിൽ താൽപ്പര്യപത്രം ക്ഷണിക്കുകയായിരു ന്നു. ഇതിനായി ലഭിച്ച രണ്ട് അപേക്ഷകൾ കൃത്യമായ കാരണമൊന്നുമില്ലാതെ തള്ളിക്കളയുകയും, വീണ്ടും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തുനിയുകയും ചെയ്യുന്നത് നിരവധി സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ആദ്യ പരസ്യത്തിനായി ചെലവഴിച്ച നികുതിപ്പണമായ 4500 രൂപയോളം പാഴായെന്നും, ഇതിന് നഗരസഭാ ചെയർപേഴ്സൺ തന്നെയാണ് നേരിട്ട് ഉത്തരവാദിയെന്നും രവീന്ദ്ര പൂജാരി കുറ്റപ്പെടുത്തി.
ഇന്റർലോക്ക് പാകി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത കെ.പി.ആർ. റാവു റോഡ് പരിസരത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ, കൗൺസിലിന്റെ അനുമതി തേടാതെ പേ-പാർക്കിംഗ് ഏർപ്പെടുത്താനും പി.പി.പി മാതൃകയിൽ കരാർ നൽകാനും ചെയർപേഴ്സൺ അടിയന്തര അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തിരിക്കുകയാണ്. ഇത് പൊതുതാൽപ്പര്യം ബലികഴിച്ച് ചില പ്രത്യേക വ്യക്തികൾക്ക് വഴിവിട്ട ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള ദുരുദ്ദേശ്യമാണെന്ന് രവീന്ദ്ര ആരോപിച്ചു.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം ചെയർപേഴ്സന് നൽകിയിട്ടുള്ള അടിയന്തര പരമാധികാരം പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ അല്ലെങ്കിൽ ജനങ്ങളുടെ ജീവനും സ്വത്തിനും അടിയന്തര സുരക്ഷ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, ദീർഘകാല സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പി.പി.പി പദ്ധതികൾ ചർച്ചയില്ലാതെ നടപ്പിലാക്കാൻ ഈ അധികാരം ആയുധമാക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് അദ്ദേഹം അപലപിച്ചു.

ചെയർപേഴ്സന്റെ ഈ ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമായ നയം തുടരാനാണ് ഭാവമെങ്കിൽ ബിജെപി ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ഓരോ പൈസ നികുതിപ്പണവും സ്വത്തുക്കളും സംരക്ഷിക്കാൻബി ജെ പി ബാധ്യസ്ഥരാണ്. ഈ അനധികൃത തീരുമാനങ്ങൾ ഉടൻ പിൻവലിക്കണം.കൗൺസിലിൽ സുതാര്യമായ ചർച്ച നടത്തണം. അല്ലാത്തപക്ഷം, നഗരസഭാ ഓഫീസിന് മുന്നിൽ പ്രക്ഷോഭങ്ങളും ധർണ്ണയും സത്യാഗ്രഹവും സംഘടിപ്പിക്കും. അമിതാധികാര ദുർവിനിയോഗത്തിനെതിരെ നഗരകാര്യ വകുപ്പ് ഡയറക്ടർക്കും തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനും പരാതി നൽകുമെന്നും വാർത്താക്കുറിപ്പിൽ മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page