കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് പുഷ്പ രഥോത്സവം. രാവിലെ എട്ടരയോടെ രഥോത്സവ ചടങ്ങുകൾ ആരംഭിക്കും. വാഗ്‌ദേവതയായ ദേവി മൂകാംബികയുടെ അനുഗ്രഹം നേടാനും രഥോത്സവ ചടങ്ങിന് സാക്ഷ്യം വഹിക്കാനും ക്ഷേത്രം വലം ചെയ്യുന്ന രഥത്തിൽ നിന്നും വാരിയെറിയുന്ന നാണയത്തുട്ടുകൾ സ്വന്തമാക്കാനും വിദ്യാരംഭ ചടങ്ങുകൾക്കുമായി മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ഭക്തരാണ് കൊല്ലൂരിലെത്തിയിരിക്കുന്നത്. ഇങ്ങനെ നാണയം ലഭിക്കുന്നവർക്ക് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തജന തിരക്കായിരുന്നു. പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച രഥത്തിൽ മൂകാംബികാ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുന്നതാണ് രഥോത്സവ ചടങ്ങ്. പുഷ്പങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൊണ്ടാണ് പൂജാരിമാർ ദേവിയുടെ രഥത്തിന്റെ അലങ്കാരം ഒരുക്കുന്നത്. ക്ഷേത്രം തന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമ്മികത്വത്തിലാണ് രഥോത്സവ ചടങ്ങുകൾ നടക്കുക. മൂകാംബിക ദേവി വിഗ്രഹവുമായി മുഖ്യ തന്ത്രിയും മറ്റു തന്ത്രിമാരും അർച്ചകരും പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ പ്രവേശിച്ച് ക്ഷേത്രത്തിനകത്തും ശ്രീകോവലിന് ചുറ്റും രഥം ഏഴുന്നളളിക്കുന്ന ചടങ്ങാണിത്. മൂന്നുതവണ ശ്രീകോവിലിന് ചുറ്റും രഥം വലിക്കും. ഇതോടെ ഇന്നത്തെ പ്രധാന ചടങ്ങുകൾക്ക് സമാപനമാകും. നാളെ പുലർച്ചെ നാലിന് നട തുറക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. ഉച്ചയോടെ വിദ്യാരംഭ അടങ്ങുകൾ പൂർത്തിയാകും. വൈകിട്ടുള്ള വിജയോത്സവത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും. മൂകാംബിക ദേവിയുടെ സന്നിധിയിൽ അരങ്ങേറ്റം കുറിക്കാൻ ഒട്ടേറെ പേരാണ് കൊല്ലൂരിൽ എത്തിയത്.








