എസ്ഡിപിഐ പ്രവർത്തകൻ തളങ്കരയിലെ സൈനുൽ ആബിദീൻ വധക്കേസ്: വിധി നാളെ, കാസർകോട്ട് കനത്ത സുരക്ഷ

കാസർകോട് : രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ച എസ്ഡിപിഐ പ്രവർത്തകൻ തളങ്കരയിലെ സൈനുൽ ആബിദീൻ വധക്കേസ് വിധി നാളെ (17) ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി അജിന്ത്യ രാജ് ഉണ്ണി പ്രസ്താവിക്കും. വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്തും കാസർകോട് നഗരത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തും. കാസർകോട് എം ജി റോഡിലെ ബെഡ് കടയിലെ ജീവനക്കാരനും തളങ്കര നുസ്രത്ത് നഗർ സ്വദേശിയുമായിരുന്ന സൈനുൽ ആബിദിൻ (24) കൊല്ലപ്പെട്ട കേസിൽ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ ഉൾപ്പെടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ എട്ടാം പ്രതിയായ ജ്യോതിഷിനെ വിചാരണക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ നിയമപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. ആബിദ് വധക്കേസിൽ ഇയാളുടെ ജാമ്യം ജഡ്ജി അജിന്ത്യ രാജ് ഉണ്ണി റദ്ദാക്കിയിട്ടുണ്ട്.
2014 ഡിസംബര്‍ 22ന് രാത്രിയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എം ജി റോഡിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ വെച്ച് സൈനുല്‍ ആബിദിന്‍ കൊല്ലപ്പെട്ടത്. സൈനുല്‍ ആബിദിന്റെ പിതാവ് കെ എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി 10 മണിയോടെ കടയിലെത്തിയ പ്രതികൾ പിതാവിന്റെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം നില മോശമായതിനാല്‍ മംഗളൂ രുവിലേക്കു കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കാസര്‍കോട് എസ്.പി. തോംസണ്‍ ജോസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സി.ഐ. പി.കെ. സുധാകരന്‍, എസ്.ഐ. എം. രാജേഷ്, എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും സക്വാഡ് അംഗങ്ങള്‍, സൈബര്‍സെല്‍ യൂണിറ്റ് എന്നിവർ കേസ് അന്വേഷണത്തില്‍ പങ്കാളികളായിരുന്നു. അന്നത്തെ സി.ഐ. പി.കെ. സുധാകരന്‍ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page