കാസർകോട് : കാസർകോട് ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് വർഷങ്ങളായി നടക്കുന്ന താത്കാലിക ജീവനക്കാരുടെ നിയമനങ്ങളിലും ഭിന്നശേഷി (വൈകല്യ) സർട്ടിഫിക്കറ്റ് വിതരണത്തിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. വിജിലൻസ് ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.ആർ.എസ്.ബി.വൈ പദ്ധതി പ്രകാരമുള്ള നിയമനങ്ങളിലും അർഹരായ ഭിന്നശേഷിക്കാർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിലുമാണ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വൻ തിരിമറി നടന്നിട്ടുള്ളതായി വിജിലൻസ് സംഘം കണ്ടെത്തിയത്.മാനദണ്ഡം ലംഘിച്ച് പുനർനിയമനം2015 മുതൽ ആശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതിയുടെ കീഴിൽ ഇരുപതോളം താത്കാലിക ജീവനക്കാരെ നിയമിച്ചത് യാതൊരുവിധ സർക്കാർ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് പരിശോധനയിൽ വ്യക്തമായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ, സുതാര്യമായ മറ്റ് നടപടിക്രമങ്ങൾ പാലിച്ചോ അല്ല ഈ നിയമനങ്ങൾ നടത്തിയത്. കൂടാതെ, കാലാവധി പൂർത്തിയാകുമ്പോൾ പുതിയ ആളുകൾക്ക് അവസരം നൽകാതെ, ചട്ടങ്ങൾ ലംഘിച്ച് മുമ്പ് നിയമനം ലഭിച്ചവർക്ക് തന്നെ തുടർച്ചയായി പുനർനിയമനം നൽകി വരികയായിരുന്നുവെന്നും വിജിലൻസ് കണ്ടെത്തി.ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണത്തിൽ മുൻഗണനാ അട്ടിമറിഭിന്നശേഷി സർട്ടിഫിക്കറ്റിനായി ജനങ്ങൾ നൽകുന്ന അപേക്ഷകൾ കൈകാര്യം ചെയ്തതിലും ഗുരുതര വീഴ്ചയാണ് കണ്ടെത്തിയിട്ടുള്ളത്.2022 മുതൽ ഇത്തരം അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. എന്നാൽ ഓൺലൈൻ വഴി അപേക്ഷിച്ച ശേഷം, അതിന്റെ പ്രിന്റൗട്ടുമായി നേരിട്ട് ഓഫീസിലെത്തി സ്വാധീനം ചെലുത്തുന്നവരുടെ അപേക്ഷകൾ മാത്രമാണ് വേഗത്തിൽ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കുന്നത്.ഇതിന്റെ ഫലമായി, സ്വാധീനമില്ലാത്ത സാധാരണക്കാരുടെ അപേക്ഷകൾ പരിഗണിക്കപ്പെടാതെ പോകുന്നു. 2024 മുതലുള്ള നിരവധി ഓൺലൈൻ അപേക്ഷകൾ യാതൊരു പരിശോധനയും നടത്താതെ മെഡിക്കൽ ബോർഡിന് മുന്നിലെത്തിക്കാതെ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്.ഓൺലൈൻ മുൻഗണനാക്രമം പൂർണ്ണമായും അട്ടിമറിച്ചാണ് ഉദ്യോഗസ്ഥർ ഹാർഡ് കോപ്പികളുമായി നേരിട്ടെത്തുന്നവർക്ക് വഴിവിട്ട സഹായം നൽകിയിരുന്നതെന്നും പരിശോധനയിൽ വ്യക്തമായി. എ.എസ്.ഐമാരായ റിജേഷ്, സന്തോഷ്, കെ. ഡോൺ, ശ്രീജിത്ത് മടിക്കൈ, രാജേഷ് മേലത്ത്,എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിനും വിജിലൻസ് ഡയറക്ടർക്കും ഉടൻ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.







