ന്യൂഡല്‍ഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകള്‍ക്ക് ഫീസ് ഉടനില്ല. 0.4 ശതമാനം ഫീസ് ചുമത്തുന്ന നിര്‍ദ്ദിഷ്ട മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ദീപാവലിക്ക് ശേഷമേ നിലവില്‍ വരൂ എന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്ന എംഡിആര്‍ വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എന്‍പിസിഐയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഉത്സവ സീസണ്‍ കണക്കിലെടുത്താണ് തീരുമാനം. ദീപാവലിക്ക് തൊട്ടുപിന്നാലെ നടപ്പാക്കേണ്ട തീയതി പ്രത്യേകമായി പ്രഖ്യാപിക്കും. യുപിഐ ആന്റ് സര്‍വീസസ് സ്റ്റിയറിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. നവംബര്‍ 8-നാണ് ദീപാവലി. തീരുമാനം നീട്ടിവയ്ക്കുന്നതുവഴി വ്യാപാരികള്‍ക്ക് കൂടുതല്‍ സാവകാശം ലഭിക്കുകയും ചെയ്യും.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 0.4% ഫീസ് ഈടാക്കുമെന്ന് കഴിഞ്ഞ മാസം എന്‍.പി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഈ ഫീസ് വ്യാപാരികളാണ് നല്‍കേണ്ടത്. വ്യക്തികള്‍ തമ്മിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് യാതൊരു ഫീസും ഉണ്ടാകില്ല. വ്യാപാരികള്‍ക്ക് ലഭിക്കുന്ന 2,000 രൂപയില്‍ താഴെയുള്ള യു.പി.ഐ ഇടപാടുകള്‍ക്കും നിരക്ക് ഈടാക്കില്ല. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 1.5% മുതല്‍ 2.5% വരെയും ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 0.9% വരെയുമാണ് ഈടാക്കുന്നത്.








