ഷൊര്‍ണൂര്‍: ട്രെയിനുകളില്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. പാലക്കാട് കരിമ്പ സ്വദേശി ആറോണി വീട്ടില്‍ കാജ ഹുസൈന്‍ (46) ആണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്. അടുത്തിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കാജ ഹുസൈന്‍.
മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശിനിയുടെ പുതിയ മൊബൈല്‍ ഫോണ്‍ ട്രെയിനില്‍വെച്ച് മോഷണം പോയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ എസ്‌ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളില്‍ വന്‍ സാമ്പത്തിക പരാജയമായതോടെ ഉണ്ടായ കനത്ത ബാധ്യതകള്‍ വീട്ടാനാണ് ട്രെയിന്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് കാജ ഹുസൈന്‍ പൊലീസിനോട് സമ്മതിച്ചു. തൊഴില്‍ ആവശ്യങ്ങള്‍ക്കായി ട്രെയിനുകളില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന ഇയാള്‍, യാത്രക്കാരുടെ അശ്രദ്ധ മുതലെടുത്താണ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ താടി ഷേവ് ചെയ്ത് രൂപമാറ്റം വരുത്തിയാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. മോഷണമുതല്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തമായി ഒരു കഫറ്റീരിയ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. അഞ്ചോളം ലാപ്‌ടോപ്പുകളും വിലകൂടിയ മൊബൈല്‍ ഫോണും പ്രതിയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. 4 മോഷണ കേസുകളില്‍ പ്രതിയാണ് കാജ.








