കാസര്‍കോട്: ‘വേരുകള്‍ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി ശനിയാഴ്ച വൈകിട്ട് തായലങ്ങാടിയില്‍ സമ്മേളന നഗരിയിലേക്ക് ആയിരക്കണക്കിന് പേര്‍ അണിനിരന്ന യുവജന വിദ്യാര്‍ഥി റാലി നടന്നു. യുവജന വിദ്യാര്‍ഥി റാലിക്ക് തുടക്കംകുറിച്ച് സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി പ്രാര്‍ഥന നടത്തി. ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്നക്ക് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുസലാം ദാരിമി ആലംപാടി പതാക കൈമാറി. സമ്മേളന നഗരിയില്‍ ഗ്രാന്‍ഡ് അസംബ്ലിയില്‍ സല്യൂട്ട് സ്വീകരിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂനിറ്റ് ഭാരവാഹികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ ഭാഷണം നടത്തി. മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതസൗഹാര്‍ദവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്നു അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷനായി. സംസ്ഥാന ജനറല്‍സെക്രട്ടറി ഒ.പി.എം. അഷ്‌റഫ് സംഘടനാ വിഷയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന സമ്മേളന സന്ദേശം നല്‍കി. ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ഥന നടത്തി. അബ്ദുസലാം ദാരിമി ആലംപാടി, എം.എല്‍.എമാരായ കല്ലട്ര മാഹിന്‍, എ.കെ.എം അഷ്‌റഫ്, കെ. നീലകണ്ഠന്‍, എന്‍.എ നെല്ലിക്കുന്ന്, പി.എം മുനീര്‍ ഹാജി, എ. അബ്ദുറഹ്മാന്‍, ഹക്കീം കുന്നില്‍, സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, പി.ബി അച്ചു, ചെങ്കളം അബ്ദുല്ല ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഹമീദ് ദാരിമി നായന്‍മാര്‍മൂല, പി.എസ് ഇബ്രാഹിം ഫൈസി, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഫൈസി ചേരാല്‍, അബ്ദുല്‍ മജീദ് ദാരിമി തുടങ്ങിയവര്‍ പങ്കെടുത്തു.








