കാസര്‍കോട്: നഗരത്തില്‍ വീണ്ടും ബൈക്ക് മോഷണം. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഓവര്‍ബ്രിഡ്ജിനടിയില്‍ പാര്‍ക്ക് ചെയ്ത പൊവ്വല്‍ സ്വദേശി കെഎസ് അബ്ദുല്ലയുടെ ബജാജ് ഡിസ്‌കവര്‍ ബൈക്കാണ് മോഷണം പോയത്. ഈമാസം 2നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് ബൈക്ക് നിര്‍ത്തിയിട്ട് ഉടമ പോവുകയായിരുന്നു. രാത്രി 9 മണിക്ക് തിരിച്ചെത്തിയപ്പോള്‍ ബൈക്ക് കാണാതായി. നഗരത്തില്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ഉടമ പറയുന്നു. ഈമാസം നാലിനും കാസര്‍കോട് നഗരത്തില്‍ ബൈക്ക് കവര്‍ച്ച നടന്നിരുന്നു. സ്മാര്‍ട്ട് ബസാറിന് സമീപം നിര്‍ത്തിയിട്ട യൂനിക്കോണ്‍ ബൈക്കാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഒരുമാസത്തിനിടെ നഗരത്തില്‍ 4 ബൈക്കുകളാണ് മോഷണം പോയത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടും ബൈക്ക് മോഷണം നടന്നു. പാറപ്പള്ളി സ്വദേശിയുടെ ബൈക്കാണ് മോഷണം പോയത്. പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







