കാസര്‍കോട്: ഗാരേജ് കത്തിച്ച കേസിലും വാളുകള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുകളിലടക്കം ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉപ്പളയിലെ ‘മീശ റൗഫ്’എന്ന പികെ അബ്ദുല്‍ റൗഫ് (43) മുംബൈയില്‍ പിടിയിലായി. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും കുമ്പള പൊലീസും സംയുക്തമായി നടത്തിയ സമര്‍ഥമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കാസര്‍കോട്, വിദ്യാനഗര്‍, മഞ്ചേശ്വരം, കുമ്പള പൊലീസു സ്റ്റേഷനുകളില്‍ 20 ഓളം ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ പെര്‍മുദയിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിക്കുകയും അടുത്ത ദിവസം കാര്‍ ചില്ലുകളും തകര്‍ത്ത സംഭവത്തിലും റൗഫാണ് പിന്നെലെന്നാണ് പൊലീസ് സംശയിക്കുന്നത്. കുമ്പള സ്റ്റേഷനിലെത്തിച്ച പ്രതിയെ കൂടുല്‍ വിശദമായി ചോദ്യം ചെയ്യുന്നതോടെ അത് വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു. ബന്തിയോട് പെര്‍മുദയില്‍ ഗാരേജ് കത്തിച്ച സംഭവത്തിനും മാരകായുധങ്ങള്‍ ഉപയോഗിച്ച് ആളുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസുകള്‍ക്കും പിന്നാലെ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ മുംബൈയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പ്രതി സഞ്ചരിച്ചിരിക്കാമെന്ന് സംശയിക്കുന്ന മേഖലകളിലെയും നൂറോളം സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ വിവരങ്ങളും പരിശോധിച്ചും ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതി മുംബൈയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ റൗഫിനെ സാഹസികമായി പിടികൂടി. അക്രമമുണ്ടാക്കുകയും പിന്നീട് ഒളിവില്‍പോവുകയുമാണ് റൗഫിന്റെ രീതി. ബൈക്ക് മോഷണ കേസുകളിലും പ്രതിയാണ്. നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.







