കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍

കുമ്പള: കുമ്പള ബസ് സ്റ്റാന്റ് പ്രശ്നത്തില്‍ അന്തിമ നിലപാടു സ്വീകരിക്കുന്നതിനു കുമ്പള- തലപ്പാടി, കുമ്പള -ബദിയഡുക്ക- മുള്ളേരിയ, കളത്തൂര്‍, ബംബ്രാണ തുടങ്ങി കുമ്പളയില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കു സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ഉടമകളുടെയും തൊഴിലാളികളുടെയും സംയുക്തയോഗം ഇന്ന് 11 മണിക്ക് ചേരും. കുമ്പള- ബദിയഡുക്ക റോഡിലെ ഓഡിറ്റോറിയത്തിലാണ് യോഗം. യോഗത്തിലെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ പരിഹാരമുണ്ടാക്കാമെന്നു ഇന്നലെ രാത്രി പൊലീസും ബസ് ജീവനക്കാരും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനിച്ചു. പഞ്ചായത്തിന് യാതൊരു അധികാരവുമില്ലാത്ത കെ എസ് ടി പി റോഡില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റോഡടക്കലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നു തൊഴിലാളികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന പൊലീസ് അറിയിപ്പിനെ തുടര്‍ന്നു ബസ് തൊഴിലാളികള്‍ പൊലീസിനു പരാതികൊടുത്തു. റോഡ് ബ്ലോക്ക് ചെയ്തതിനെതിരെ കെ എസ് ടി പി അധികൃതരും പരാതിപ്പെട്ടിട്ടുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു. ഇതേ പ്രശ്നത്തില്‍ എസ് പിയുടെയും ആര്‍ ടി ഒയുടേയും നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുമായി നേരത്തെ ചര്‍ച്ച നടന്നിരുന്നു. ആ ചര്‍ച്ചയില്‍ നിലവിലുള്ള സംവിധാനം തുടരാനും അതിനുവേണ്ട സൗകര്യവും സഹായവും ചെയ്തുകൊടുക്കാനും പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയായിരുന്നെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. ഈ തീരുമാനം നിലവിലിരിക്കെയാണ് പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടുള്ളതെന്ന് അവര്‍ എടുത്തുകാട്ടി. കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നിലവിലിരിക്കെയാണ് ഈ നടപടികളെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട ശേഷം ഇന്നു നടക്കുന്ന തൊഴിലാളികളുടെയും ബസുടമകളുടേയും യോഗത്തിനു ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു.

അധികാരത്തിലേറി 10 മാസത്തിനുള്ളില്‍ നടത്തിയ പഞ്ചായത്തിന്റെ ആദ്യ പദ്ധതി തന്നെ പാളിയതില്‍ പാര്‍ട്ടി അണികള്‍ അമര്‍ഷത്തില്‍

കുമ്പള: നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ കയറി പത്തുമാസത്തിനുള്ളില്‍ എടുത്ത ആദ്യ പദ്ധതി തന്നെ വിവാദത്തിലായതിനു പാര്‍ട്ടി അണികള്‍ അമര്‍ഷം പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ എത്രയോ പഞ്ചായത്ത് ഭരണസമിതികള്‍ വാഗ്ദാനങ്ങള്‍ കൊണ്ടും പദ്ധതി രൂപ രേഖകള്‍ വെളിപ്പെടുത്തിയും ഒരു ഉളുപ്പുമില്ലാതെ പാര്‍ട്ടിയെയും ജനങ്ങളേയും പറ്റിച്ച ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോപ്ലക്സ് പ്രശ്നത്തില്‍ ബസ് സ്റ്റാന്റ് വിവാദം ഉണ്ടായ സാഹചര്യത്തില്‍പ്പോലും ഒരു ചര്‍ച്ച നടത്താനെങ്കിലും തയ്യാറാവാതെ റോഡ് തടയാനിറങ്ങുകയും അതു എടുത്തു മാറ്റേണ്ടിവരുകയും ചെയ്യുന്ന സ്ഥിതിയിലെത്തിയതു പാര്‍ട്ടിക്ക് ജനങ്ങളുടെ മുന്നില്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലാണ് പഞ്ചായത്തു ഭരണം മുന്നോട്ടു പോവാനിരിക്കുന്നതെങ്കില്‍ പാര്‍ട്ടി ഉപ്പു വച്ച കലം പോലെയാവുമെന്നു പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയപാത യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കെ നാടിന്റെ മുഴുവന്‍ മുഖഛായ വന്‍ മാറ്റങ്ങള്‍ക്കു വിധേയമായെങ്കിലും അതിനോടു ഒട്ടിചേര്‍ന്നു നില്‍ക്കുന്ന കുമ്പള ടൗണിന്റെ സ്ഥിതി അതീവ ശോചനീയമായിക്കിടക്കുന്നു. കാലത്തിനനുസരിച്ചു കുമ്പള ടൗണില്‍ മാറ്റം കൊണ്ടുവരാന്‍ പഞ്ചായത്ത് ഭരണം എന്തു ചെയ്തെന്നു വെളിപ്പെടുത്താന്‍ നാട്ടുകാരും ആവശ്യപ്പെടുന്നു. നിരവധി ആവശ്യങ്ങള്‍ക്കു നൂറുകണക്കിനാളുകള്‍ ദിവസവുമെത്തുന്ന കുമ്പളയില്‍ വാഹന പാര്‍ക്കിങോ, മാര്‍ക്കറ്റ് സൗകര്യങ്ങളോ ഉറപ്പാക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തിന് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ പോലും തയ്യാറാകാത്ത പഞ്ചായത്തധികൃതര്‍ എന്തിനാണ് അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നതെന്നു നാട്ടുകാരും ആരായുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page