ബാവിക്കര തടയണ ടൂറിസം നിർമ്മാണം വേഗത്തിലാക്കണം:കെ. നീലകണ്ഠൻ എം.എൽ.എ

മുളിയാർ:ബാവിക്കര തടയണ ടൂറിസം പദ്ധതി നിർമ്മാണം വേഗത്തിലാക്കണമെന്നു
കെ. നീലകണ്ഠൻ എം.എൽ.എ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവേകുമെന്ന് പ്രതീക്ഷിക്കുന്ന ബാവിക്കര തടയണ ടൂറിസം പദ്ധതി സൈറ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തടസ്സങ്ങൾ നീക്കി നിർമ്മാണ പ്രവർത്തനങ്ങ വേഗത്തിലാക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ടവരോട് നിർദ്ദേശിച്ചു. മുളിയാർ പഞ്ചായത്തിലെ ആലൂർ സ്ഥിരം തടയണക്ക് സമീപമാണ് ബാവിക്കര ടൂറിസം പദ്ധതിയുടെ പ്രവർത്തി നടക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി 44.5 സെന്റ് പുഴ പുറമ്പോക്ക് ഭൂമി 2023-ൽ ജില്ലാ കലക്ടർ വിനോദസഞ്ചാര വകുപ്പിന് കൈമാറിയിരുന്നു. ഇതിനുപുറമേ സമീപസ്ഥലം ഉടമ ഖാദർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. 4.72 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ട പ്രവർത്തി നടക്കുന്നത്. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല. ഒന്നാം ഘട്ടത്തിൽ കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, നടപ്പാത,ശൗചാലയം, പാർക്കിംഗ് ഏരിയ, ബോട്ട് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റോഡിന് ആവശ്യമുള്ള സ്ഥലം സൗകര്യപ്പെടുത്താമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി,എം എൽ എ യ്ക്ക് ഉറപ്പ് നൽകി. ആദ്യഘട്ടം ആറുമാസത്തിനകം പൂർത്തിയാകും. രണ്ടാംഘട്ടത്തിൽ മുളിയാർ, ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തരത്തിൽ ഗ്ലാസ് പാലവും വിഭാവനം ചെയ്തിട്ടുണ്ട്. കെ. നീലകണ്ഠൻ എം.എൽ.എ യോടൊപ്പം മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മെമ്പർമാരായ നസീർ മൂലടുക്കം, മിസിരിയാ റഫീഖ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.എ. നസീബ്, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടോണി മാത്യു. അസിസ്റ്റന്റ് എൻജിനീയർമാരായ കെ. പ്രസാദ്, കെ. സന്ദേശ് കുമാർ, പ്രോജക്ട് എൻജിനീയർ ടി. ഷംന, അഭിജിത്ത്, അഞ്ജന, എം.കുഞ്ഞമ്പു നമ്പ്യാർ, ഗോപിനാഥൻ നായർ , സി. അശോകൻ , ബി.കെ.ഹംസ, ബി.എം.ഷംസീർ, ഖാദർ ആലൂർ, സി. സുലൈമാൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page