കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ നിന്നു കാല്‍ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. ബേള, ശക്തി നഗറിലെ മൊയ്തീന് നിസാഫി (37)നെയാണ് കുമ്പള സിഐയുടെ നിർദ്ദേശപ്രകാരം എസ് ഐ എന്‍ കെ ശശി അറസ്റ്റ് ചെയ്തത്. ഇന്നലെ (ശനി) ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബാങ്ക് പിഗ്മിയായ സൂരംബയല്‍, എടനാട്ടെ ജഗദീഷ് കുമാറിന്റെ പണമാണ് നഷ്ടമായത്. നായികാപ്പില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന 25,500 രൂപയാണ് നഷ്ടപ്പെട്ടത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.







