മദ്യലഹരിയില്‍ പൊതുറോഡില്‍ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരന്‍; ആള്‍ക്കാര്‍ കൂട്ടം കൂടി ബഹളം വച്ചതോടെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു, സംഭവം ബന്തടുക്കയില്‍

കാസര്‍കോട്: മദ്യലഹരിയില്‍ റോഡരുകില്‍ നിയന്ത്രണം വിട്ട് പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കിയ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. വൈദ്യ പരിശോധനക്കു ശേഷം ഇയാളെ പൊലീസ് ജാമ്യത്തില്‍ വിട്ടു. ബിവറേജസ് കോര്‍പറേഷന്‍ ബന്തടുക്ക ഔട്ട്‌ലെറ്റിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തിമിരി,പാലത്തര, കപ്പണക്കാല്‍ ഹൗസിലെ കെ കെ സതീശ(50)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ (ശനി) രാത്രി ബന്തടുക്ക, മാണിമൂല പബ്ലിക് റോഡരുകിലെ പൊതു സ്ഥലത്താണ് കേസിനാസ്പദമായ സംഭവം.
പൊതു സ്ഥലത്ത് മദ്യലഹരിയില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലാണ് ജീവനക്കാരനെ കാണപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ശല്യം രൂക്ഷമായതോടെ സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാര്‍, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. വിവരം ബേഡകം പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ബേഡകം എസ് ഐ വിനയചന്ദ്രന്‍ നായരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ബേഡകം താലൂക്കാശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജീവനക്കാരനെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page