നീലേശ്വരം: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന നിർമ്മലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിയിൽ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നീലേശ്വരം കോവിലകം ചിറ ശുചീകരിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. സുരേന്ദ്രൻ ,ക്ലീൻ സിറ്റി മാനേജർ മണിപ്രസാദ് ,പ്രസംഗിച്ചു. നാടിന്റെ ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി നിലനിർത്തുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ചെയർമാൻ പറഞ്ഞു. നഗരസഭയുടെ ശുചിത്വ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനും ചിറകളുടെയും തോടുകളുടെയും സ്വാഭാവിക നിലനിൽപ്പ് ഉറപ്പാക്കുന്നതിനും എല്ലാവരും ജാഗ്രത പുലർത്തണമെന്നും ശുചിത്വം ഒരു ദിവസത്തെ പ്രവർത്തനമായി ഒതുക്കാതെ ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ. ചന്ദ്രൻ, ഇ കെ ചന്ദ്രമതി, കെ. സതീശൻ, കൗൺസിലർമാരായ രാജം, വിനോദ്, പ്രകാശൻ, പി. സതീശൻ, ഇ. ഷജീർ, സുനിത, കിഴക്കൻ കൊഴുവൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി രാജഗോപാലൻ, ബാബു, സിന്ധു,
ഹരിതകർമസേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ,നഗരസഭ പബ്ലിക് ഹെല്ത് ഇൻസ്‌പെക്ടർ മാരായ ബീന വി വി, ഷിജു കെ, ടിജോ കെ ജോർജ്, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ പങ്കെടുത്തു .







