പനാമയില്‍ ഇരട്ട ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തി, ആളുകള്‍ പരിഭ്രാന്തരായി തെരുവിലിറങ്ങി, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു

പനാമ സിറ്റി: തെക്കന്‍ പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.6 ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, വൈദ്യുതി, ഗതാഗത സേവനങ്ങള്‍ തടസ്സപ്പെട്ടു. 40 ഓളം തുടര്‍ചലനവും അനുഭവപ്പെട്ടു. ആളപായം ഇല്ലെന്നാണ് വിവരം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശവാസികളെ അടിയന്തരമായി ഒഴിപ്പിച്ചു. അയല്‍രാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.
മധ്യ ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബയില്‍ നിന്ന് 10 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് തലസ്ഥാനമായ പനാമ സിറ്റിയില്‍ ആളുകള്‍ പരിഭ്രാന്തരായി തെരുവിലിറങ്ങി. പനാമ സര്‍വകലാശാലയിലെ ഭൂകമ്പ ശാസ്ത്രജ്ഞര്‍ 45 ലധികം തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 5.8, 5.5, 5.2 തീവ്രതയുള്ളവ ഒഴികെ ഭൂരിഭാഗവും ദുര്‍ബലമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് പനാമ പ്രസിഡന്റ് ജോസ് റൗള്‍ മൗലിനോ വ്യക്തമാക്കി. എന്നാല്‍ വരും മണിക്കൂറുകളില്‍ ഇതില്‍ മാറ്റം വന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജൂണില്‍ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളില്‍ 6,500 ലധികം പേര്‍ മരിക്കുകയും 17,000 പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റില്‍ കൊളംബിയയിലുണ്ടായ ഭൂചലനത്തില്‍ 289 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ പനാമയിലെ തകര്‍ന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും ദൃശ്യങ്ങള്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


പനാമ സിറ്റിയില്‍ നാശനഷ്ടങ്ങളില്ല. എന്നാല്‍ തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പെനോനോം നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കത്തീഡ്രല്‍, ഗവര്‍ണറുടെ ഓഫിസ്, ഡോസ് കോണ്ടിനെന്റ്‌സ് ഹോട്ടല്‍ എന്നിവയ്ക്കും കേടുപാടുകളുണ്ട്.
പനാമ സിറ്റിയില്‍, ഓഫീസുകള്‍ ജീവനക്കാരെ നേരത്തെ വിട്ടയച്ചതിനാല്‍ ഗതാഗതക്കുരുക്ക് കൂടുതല്‍ വഷളായി. മെട്രോ സര്‍വീസുകളും നിര്‍ത്തിവച്ചു. വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. അതേസമയം തലസ്ഥാനത്തുടനീളമുള്ള സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ നേരത്തെ വീട്ടിലേക്ക് അയച്ചു. അയല്‍രാജ്യമായ കോസ്റ്റാറിക്കയുടെ തലസ്ഥാനമായ സാന്‍ ജോസിലും ഭൂചലനം അനുഭവപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page