ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ച പ്രതിഷേധം തുടങ്ങി. ‘കോക്രോച്ച് ജനത പാര്‍ട്ടി’, ‘ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍’ തുടങ്ങിയ സംഘടനകളാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇടത് വിദ്യാര്‍ഥി സംഘടനകളും തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരക്കാരെ രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയാണ്. ധ്രുവ് റാഠി ഉള്‍പ്പെടെ 500 ഓളം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. എംഎ ബേബി, പികെ ശ്രീമതി, കെകെ ശൈലജ, എംവി ഗേവിന്ദന്‍ തുടങ്ങിയ സിപിഎം നേതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ജോണ്‍ബ്രിട്ടാസ്, കെഎന്‍ ബാലഗോപാലന്‍ എന്നിവരെയും പിന്നീട് കസ്റ്റഡിയിലെടുത്തു.
ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക, എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടര്‍ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയില്‍ സമഗ്രമായ പരിഷ്‌കരണം വരുത്തുക എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങള്‍.
സംഘര്‍ഷം കണക്കിലെടുത്ത് ഡല്‍ഹിയില്‍ വന്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തലസ്ഥാനത്തുടനീളം ഏകദേശം 25,000 പൊലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കുറഞ്ഞത് 45 മെട്രോ സ്റ്റേഷനുകളിലെങ്കിലും പ്രവേശന-പുറത്തുകടക്കല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി അതിര്‍ത്തികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, മറ്റ് സുപ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധം നടക്കുന്ന മേഖലയിലും പരിസരപ്രദേശങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജന്തര്‍ മന്തര്‍, പാര്‍ലമെന്റ് സ്ട്രീറ്റ്, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും മറ്റ് സുരക്ഷാ വിഭാഗങ്ങളുടെയും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നവരെ കസ്റ്റഡിയിലെടുക്കുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.








