കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 40 കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കൊല്ലം സ്വദേശി രാഹുലിനെ(35) റിമാന്റുചെയ്തു. രാജപുരം സിഐ എ സന്തോഷ് കുമാറിന്റെ സംഘമാണ് പ്രതിയെ എറണാകുളത്തെ പാലാരിവട്ടത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
ഫേസ്ബുക്ക് പ്രൊഫൈലില്‍ വ്യാജ ഫോട്ടോ ഉപയോഗിച്ച് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഈ അടുപ്പം മുതലെടുത്ത് പ്രതി വിവിധ സ്ഥലങ്ങളില്‍ യുവതിയെ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. കോഴിക്കോട്ടെയും പറശ്ശിനിക്കടവിലെയും ലോഡ്ജികളില്‍ എത്തിച്ച് പീഡിപ്പിച്ചു. യുവതിയുടെ വീട്ടിലെത്തിയും പീഡനം തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. സ്വന്തം പേരുപോലും യുവതിയില്‍ നിന്ന് മറച്ചുവച്ചിരുന്നു. ശല്യമായതോടെ യുവതി ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ വിദേശത്തുള്ള ഭര്‍ത്താവിന് വാട്സ്ആപ്പ് വഴി അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തുടര്‍ന്ന് യുവതി അമ്പലത്തറ പൊലീസിലും പരാതി നല്‍കിയിരുന്നു. അമ്പലത്തറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. രാഹുലിനെ രാജപുരം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.







