കുമ്പള: ദേശീയ പാത സര്‍വ്വീസ് റോഡില്‍ ബസ് കാത്ത് ദീര്‍ഘനേരം നില്‍ക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് അല്‍പം വിശ്രമിക്കുന്നതിന് പൊതുപ്രവര്‍ത്തകനായ ആരിഫ് കടവത്ത് സ്വന്തം പണം കൊണ്ട് രണ്ട് ബഞ്ചുകള്‍ വാങ്ങി നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ സ്ഥാപിച്ചു. കോടികള്‍ ചെലവഴിച്ചു ദേശീയ പാത നിര്‍മ്മിക്കുന്നതിനിടയില്‍ അധികൃതര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നു. നാടു നന്നാക്കാന്‍ കച്ചയുടുത്തു നില്‍ക്കുന്ന രാഷ്ട്രീയക്കാരും ജനപ്രതിനിധികളും തദ്ദേശ സര്‍ക്കാരുകളും അറിയാതെ പോയ ഇക്കാര്യം സാധാരണക്കാരനായ ആരിഫിനു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരളപ്പിറവി ദിനമായ ഞായറാഴ്ച അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ജനോപകാരത്തിന് ബെഞ്ചു വാങ്ങി സര്‍വ്വീസ് റോഡരികില്‍ സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കുമ്പള റെയില്‍വെ സ്റ്റേഷനില്‍ ട്രയിനിറങ്ങുന്ന മഞ്ചേശ്വരത്തും ഉപ്പളയിലും ഉള്‍പ്രദേശങ്ങളിലും പോകേണ്ട യാത്രക്കാര്‍ റെയില്‍വെ സ്‌റ്റേഷനു മുന്നിലെ അണ്ടര്‍ ബ്രിഡ്ജിനടുത്താണ് ബസ് കാത്തു നില്‍ക്കുന്നത്. മഴയും വെയിലും കൊണ്ട് ചിലപ്പോള്‍ ഏറെ നേരം ബസ് കാത്തു നില്‍ക്കേണ്ടി വരുന്നു. നിന്നു കാലു കുഴഞ്ഞാല്‍ പോലും ഇരിക്കാന്‍ സംവിധാനമില്ലാത്തതു കൊണ്ട് യാത്രക്കാര്‍ ഏറെ വിഷമിക്കുന്നു. സാധാരണ യാത്രക്കാരുടെ ഈ ദുരിതം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനാലാണ് തനിക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയ സഹായം ഇത്തരത്തില്‍ ചെയ്യുന്നതെന്നും അദ്ദേഹം ആശ്വാസം പ്രകടിപ്പിച്ചു.







