കാസര്‍കോട്: വീട്ടിനു അകത്ത് ഉറങ്ങാന്‍ കിടന്ന വയോധികയെ കാണാതായതായി പരാതി. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലെ തായന്നൂര്‍, അട്ടക്കണ്ടം ചീരോലിലെ കരിയന്റെ ഭാര്യ ചിരുത (79) യെ ആണ് കാണാതായത്. ശനിയാഴ്ച രാത്രി 11.30 മണിക്കും ഞായറാഴ്ച പുലര്‍ച്ചെ 1.45 മണിക്കും ഇടയിലുള്ള സമയത്താണ് ചിരുതയെ കാണാതായതെന്നു സംശയിക്കുന്നതായി മകന്റെ ഭാര്യ സി. നാരായണി അമ്പലത്തറ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







