കണ്ണൂര്‍: ഗള്‍ഫില്‍ നിന്നു സുഹൃത്ത് കൊടുത്തയച്ച 200 ഗ്രാം സ്വര്‍ണവും രണ്ട് ലാപ് ടോപുകളും തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. മുഴക്കുന്ന്, പാറക്കണ്ടം പുതിയ വീട്ടില്‍ കെ.പി റഹീമി(34)നെയാണ് ബംഗ്‌ളൂരു പൊലീസ് .കണ്ണൂരിലെത്തി അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസും പരാതിക്കാരനും പറയുന്നത് ഇങ്ങനെ:-” ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് വരികയായിരുന്ന റഹീമിന്റെ കൈവശം വീട്ടില്‍ ഏല്‍പ്പിക്കണമെന്ന് പറഞ്ഞ് സുഹൃത്ത് ഷമീം ആണ് സ്വര്‍ണവും ലാപ് ടോപുകയും ഏല്‍പ്പിച്ചിരുന്നത്. ബംഗ്‌ളൂരു വിമാനത്താവളം വഴിയായിരുന്നു യാത്ര. വിമാനം ഇറങ്ങിയപ്പോള്‍ പൊലീസ് അവ പിടിച്ചെടുത്തുവെന്ന് റഹിമും മറ്റൊരു സുഹൃത്തും ചേര്‍ന്ന് കള്ളക്കഥ മെനഞ്ഞു. സംശയം തോന്നിയ ഷമീം ബംഗ്‌ളൂരു പൊലീസിനെ ബന്ധപ്പെട്ടു. തങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. തുടര്‍ന്ന് ഷമീം ബംഗ്‌ളൂരു പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ ഷമിം കഴിഞ്ഞ ദിവസം നാട്ടിലെത്തി. ഇന്നലെ (വ്യാഴം) രാത്രി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്ത് വച്ച് ഇയാള്‍ റഹീമിനെ കണ്ടുമുട്ടി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടയില്‍ വിവരമറിഞ്ഞ് ടൗണ്‍ സിഐ മഹേഷ് കണ്ടമ്പേത്ത് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിലെടുത്തു. ഷമിം ഉണ്ടായ സംഭവങ്ങള്‍ പൊലീസിനോട് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബംഗ്‌ളൂരു പൊലീസ് ഇന്നു രാവിലെകണ്ണൂരിലെത്തി റഹീമിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.”








